ambala

അമ്പലപ്പുഴ :കാക്കാഴം വ്യാസാ ജംഗ്ഷന് പടിഞ്ഞാറ് 30ഓളം വീടുകളിലെ വാഴ,പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങൾ വെട്ടിയരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് ഓരോ വീടിന് മുന്നിലും റോഡരികിലും ഉണ്ടായിരുന്ന വാഴ ഉൾപ്പെടെയുള്ള ഫലവൃക്ഷ ലതാദികൾ നശിപ്പിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഉൾപ്രദേശത്തുള്ള വീടുകളിലും സമാന ആക്രമണം നടന്നിട്ടുണ്ട്. ചില വീടുകളിലെ മോട്ടോറും നശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ തലയറുത്ത നിലയിൽ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളിൽ വീടുകൾക്കു നേരെ കല്ലേറും നടന്നിരുന്നു. തീരപ്രദേശമായ ഇവിടെ വഴിവിളക്കുകൾ സ്ഥാപിച്ചാലും അത് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.