
മാന്നാർ: ചെന്നിത്തല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴക്കാല പൂർവ ശുചീകരണം ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയായി. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത് റോഡരികിൽ നിക്ഷേപിച്ചത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.
അഞ്ചാം വാർഡിൽ കൊപ്പാറേത്ത് ഞാറകണ്ടത്തിലും തൃപ്പെരുന്തുറ വില്ലേജ് ഓഫീസിനു പടിഞ്ഞാറുമാണ് റോഡരികിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു മാസമായി റോഡരികിൽ കിടക്കുന്ന മാലിന്യം കലർന്ന മണ്ണ് മഴപെയ്യുമ്പോൾ റോഡിലേക്ക് ഒലിച്ചിറങ്ങി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ തെന്നിമാറി അപകടങ്ങൾ ഉണ്ടാകുന്നതിനിടയാക്കുന്നു. മണ്ണ് നീക്കംചെയ്ത് യാത്രക്കാരുടെ ദുരിതം ഒഴിവാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.