ആലപ്പുഴ: ചെറുകിട കയർ ഫാക്ടറി ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കയർ ഫാക്ടറികളിൽ പ്രത്യക്ഷ സമരം ആരംഭിച്ചു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ 8000 ചെറുകിട കയർ ഫാക്ടറി ഉടമകളാണ് ഇന്നലെ മുതൽ ഉത്പാദനം നിർത്തിവെച്ച് പ്രത്യക്ഷ സമരം തുടങ്ങിയത്. കയറ്റുമതിക്കാർ ക്രയവില സ്ഥിരതാ പദ്ധതി പ്രകാരം കയർ കോർപ്പറേഷന് ഓർഡർ നൽകി ഉത്പന്നങ്ങൾ വാങ്ങുക, ഇടനിലക്കാരുടെ ഡിപ്പോ പ്രവർത്തനം നിർത്തലാക്കുക, ചെറുകിട കയർ ഫാക്ടറികളിലും സൊസൈറ്റികളിലും കയർ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് കൺവീനർമാരായ ഡി.സനൽകുമാർ, പി.എൻ.സുധീർ, എം.അനിൽകുമാർ എന്നിവർ അറിയിച്ചു.