ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ പിടിയിലായ പോപ്പുല‌ർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ.നവാസ് (30), കുട്ടിയെ തോളിലേറ്റിയിരുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് (30) എന്നിവരെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് ആവർത്തിച്ചു. മുദ്രാവാക്യം വിളിച്ച് റാലിയിലൂടെ കടന്നു പോകുന്ന കുട്ടി ശ്രദ്ധാകേന്ദ്രമായതോടെ തോളിലേറ്റിയെന്നാണ് അൻസാറിന്റെ മൊഴി. കുട്ടിയെ പരിചയമില്ലെന്നും അൻസാർപറഞ്ഞു. എന്നാൽ, ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബും പ്രതിയാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.