ആലപ്പുഴ: ജലമേളകൾക്ക് വീണ്ടും തുടക്കം കുറിച്ചുകൊണ്ട് ചമ്പക്കുളം മൂലം ജലോത്സവം ജൂലായ് 12ന് ചമ്പക്കുളത്താറ്റിൽ നടത്താൻ കുട്ടനാട് താലൂക്ക് ഓഫീസിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ആചാരം മാത്രമായി ചടങ്ങ് നടത്തുകയായിരുന്നു. ഇക്കുറി മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 9 വളളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ചു കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ സൂരജ് ഷാജി മുഖ്യ പ്രഭാഷണം നടത്തി.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.വിശ്വംഭരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി.ജലജകുമാരി, മിനി മന്മഥൻ നായർ, അമ്പിളി ടി ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത്, തഹസിൽദാർ ദൂരേഖ താജുദീൻ, ഡപ്യൂട്ടി തഹസിൽദാർ എസ്.സുഭാഷ് എന്നിവർ സംസാരിച്ചു. കുട്ടനാട് തഹസിൽദാർ എസ്.അൻവർ സ്വാഗതം പറഞ്ഞു. വള്ളംകളിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ഫിനാൻസ് കമ്മിറ്റി ബിൻസി ജോളി ( ചെയർപേഴ്‌സൺ), ടി.ജി.ജലജ കുമാരി, മിനി മന്മഥൻ നായർ (കൺവിനേഴ്‌സ്) റേസ് കമ്മറ്റി ജോസ് കാവനാട് (ചെയർമാൻ) ,എ.വി മുരളി (കൺവീനർ), പബ്ലിസിറ്റി - അഡ്വ. മുട്ടാർ ഗോപാലകൃഷ്ണൻ ( ചെയർമാൻ), അജിത്ത് പിഷാരത്ത് (കൺവീനർ), സ്‌പോൺസർ കമ്മറ്റി മാത്യു ജോസഫ് (ചെയർമാൻ), എസ്.എം.ഇക്ബാൽ (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. .