ആലപ്പുഴ: നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനകൾക്ക് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ നിരപരാധികളായ ഹോട്ടലുകളുടെ പേരുകൾ ഉൾപ്പെടുത്തിയെന്ന് ഉടമകളുടെ ആക്ഷേപം. അതേസമയം വിശദമായ പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആരോഗ്യ വിഭാഗം. അടുക്കള വൃത്തിഹീനമായി കാണപ്പെട്ടു എന്ന് റിപ്പോർട്ടിൽ പരാമർശിച്ച രണ്ട് ഹോട്ടുലകളുടെ അധികൃതരാണ് സോഷ്യൽ മീഡിയകളിൽ വിശദീകരണം നൽകിയിരിക്കുന്നത്. വൃത്തിഹീനമായി ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും അടുക്കളയ്ക്ക് പുറത്ത് മറ്റാരോ രാത്രിയിൽ കൊണ്ടുവെച്ച മാലിന്യ ചാക്കാണ് തങ്ങളുടേതെന്ന് അധികൃതർ തെറ്റിദ്ധരിച്ചതെന്ന് ഉടമ വിശദീകരിക്കുന്നു.

ഹോട്ടലുകൾക്ക് പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ രണ്ട് ഹോട്ടലുകളിലും പരിശോധന നടത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരെ നേരിൽ വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടതായും അടുക്കള വൃത്തിഹീനമായിരുന്നു എന്ന മറുപടി ഉദ്യോഗസ്ഥർ ആവർത്തിച്ചതായും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു. അടുക്കള ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നതടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. മുൻപ് നടന്ന പരിശോധനകളിൽ കർശന മുന്നറിയിപ്പ് നൽകിയിട്ടും ചില സ്ഥാപനങ്ങൾ അനുസരിക്കാൻ തയാറാവാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞു.