ആലപ്പുഴ: മസ്ജിദുകൾക്ക് നേരെയുള്ള സംഘപരിവാർ ഭീഷണിക്കെതിരെ പി.ഡി.പി ഇന്ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും. എറണാകുളം മുതലുള്ള ദക്ഷിണമേഖലയിലെ ജില്ലകളെ ഉൾപ്പെടുത്തിയാ മാർച്ച്. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച പി.ഡി.പി പ്രവർത്തകർക്കെതിരായ പൊലീസ് നടപടി ഇരട്ടത്താപ്പാണെന്ന് നേതാക്കൾ പറഞ്ഞു. അറസ്റ്റിനെതിരെ മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ നടപടിയുണ്ടായില്ല. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് അപലപനീയമാണെന്നും നേതാക്കൾ പറഞ്ഞു. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ മുട്ടം നാസർ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം ടി.എം.രാജ, എൻ.അനിൽകുമാർ, അൻസാരി ആലപ്പുഴ, നൗഷാദ് അമ്പലപ്പുഴ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.