
പൂച്ചാക്കൽ : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടിയ അരുക്കുറ്റി ഗവ. ആശുപത്രിയിലെ മോർച്ചറി തുറക്കുവാനുള്ള നടപടികൾ തുടങ്ങിയെന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് പറഞ്ഞു .ചേർത്തല താലൂക്ക് ആശുപത്രിയിലേയും തുറവൂർ സർക്കാർ ആശുപത്രിയിലേയും പോസ്റ്റ്മോർട്ടങ്ങൾ താത്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് അരൂക്കുറ്റിയിൽ പോസ്റ്റ്മോർട്ടം സൗകര്യം പുനനാരംഭിക്കാൻ നടപടികൾ തുടങ്ങിയത്. ചേർത്തലയിലും, തുറവൂരിലും കിഫ്ബിയുടെ സഹായത്തോടെ അത്യാധുനിക സംവിധാനത്തോടുകൂടി ആറു നില കെട്ടിടവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോർച്ചറിയും പണിയുന്നതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. അരൂക്കുറ്റിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകണ്ടെത്തി പരിഹരിക്കുവാൻ ബ്ലോക്ക് പഞ്ചായത്തും ആലപ്പുഴ ഡി.എം.ഒയും, ഡി.പി.എമ്മും അടിയന്തിര ഇടപ്പെടൽ നടത്തി. വയലാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫോറസ്റ്റിക് സർജനെയും, രണ്ട് നേഴ്സിംഗ് അസിസ്റ്റന്റിനെയും നിയമിച്ചു.