ആലപ്പുഴ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ,യാത്രയ്ക്ക് തടസമായി നഗരപാതകൾ. നഗരത്തിലെ പ്രധാന സ്കൂളുകളിലേക്ക് എത്തേണ്ട പല വഴികളും ജല അതോറിട്ടി പൊളിച്ചിട്ടത് മാസങ്ങൾ പിന്നിട്ടിട്ടും ശരിയാക്കിയിട്ടില്ല. മഴ കൂടി ശക്തമായതോടെ, ടാർ പൂർണമായും പൊളിഞ്ഞ ഈ ഭാഗങ്ങൾ ചെളിക്കുളമാവുകയാണ്. പ്രധാന പാതകൾക്കു പുറമേ, ഇട റോഡുകളിൽ പലതിന്റെയും അവസ്ഥയും സമാനമാണ്. റോഡ് പണിക്ക് വേണ്ടി മെറ്റൽ പാകിയ പല സ്ഥലങ്ങളിൽ പോലും നിർമ്മാണം പാതിവഴിയിൽ നിലച്ചു. അടുത്തടുത്ത് സ്കൂളുകളുള്ള നഗരഹൃദയമായ മുല്ലയ്ക്കൽ പ്രദേശത്ത് പോലും റോഡുകളുടെ അവസ്ഥയ്ക്ക് പുരോഗതിയുണ്ടായിട്ടില്ല. ഇവിടെ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയത്തിലേക്ക് എത്താൻ കുട്ടികളും, ചെറിയ വാഹനങ്ങളും ആശ്രയിക്കുന്ന ബിസ്മിക്ക് സമീപത്തെ റോഡ് താറുമാറായി കിടപ്പ് തുടങ്ങിയിട്ട് നാളേറെയായി. കല്ലുപാലം - കൊട്ടാരപ്പാലം പാതയും പൈപ്പ് ലൈനിന് വേണ്ടി പൊളിച്ചിട്ട് അധികൃതർ തിരിഞ്ഞ്നോക്കിയിട്ടില്ല. റോഡ് തകർന്നതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആവശ്യത്തിന് വീതിയില്ല. പലപ്പോഴും, വലിയ വാഹനങ്ങൾ പോലും നടപ്പാതയിലേക്ക് കയറിയാണ് സഞ്ചരിക്കുന്നത്. ഇത്തരം വഴികളിലൂടെ എങ്ങനെ കുട്ടികളെ വിടുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
.......
# ഭീഷണി ഉയർത്തി കാന
നഗരത്തിലെ പല കോൺക്രീറ്റ് നടപ്പാതകളും കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇവിടെ പലയിടത്തും അപായ സൂചനയ്ക്കുള്ള അടയാളങ്ങൾ പോലും സ്ഥാപിച്ചിട്ടില്ല. നടന്നു വരുന്ന കുട്ടികളുടെ കാലുകൾ ഇത്തരം ഓടകളിൽ അകപ്പെടാനുള്ള സാധ്യതയേറെയാണ്. നഗരമദ്ധത്തിൽ മൃഗാശുപത്രിക്ക് മുൻ വശവും, ജില്ലാക്കോടതിപ്പാലം മുതൽ ഇന്ദിരാ ജംഗ്ഷൻ വരെയുള്ള ഭാഗത്തുമാണ് നടപ്പാത അപകട ഭീഷണി ഉയർത്തുന്നത്.
.........
''നഗരത്തിലെ പ്രധാന റോഡുകളും മുല്ലയ്ക്കൽ വാർഡ് അടക്കമുള്ള പ്രദേശത്തെ ഇടറോഡുകളുടെയും പുനർ നിർമ്മാണ പ്രവർത്തനം ദീർഘനാളുകളായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് മുലം നഗരവാസികൾക്കും നഗരത്തിലെത്തിച്ചേരുന്ന ജനങ്ങൾക്കും യാത്ര ദുരിതം നേരിടുകയാണ്. ഈ പ്രശ്‌നത്തിൽ അടിയന്തിര പരിഹാരം കാണണം.
സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ സമ്മേളനം