അമ്പലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പറവൂർ കൊറ്റംകുളങ്ങര റീച്ചിന്റെ കരാർ എടുത്തിട്ടുള്ള കമ്പനിയുടെ പ്രതിനിധികൾ വ്യാപാരികളെ സമീപിച്ച്, രണ്ടാഴ്ചക്കകം വ്യാപാര സ്ഥാപനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു കൊടുക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ദേശീയപാതാ വിഭാഗം അപേക്ഷ സ്വീകരിച്ചിട്ട് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും, വാടകക്കെട്ടിടത്തിൽ വ്യാപാരം ചെയ്യുന്നവർക്കും അർഹമായ നഷ്ട പരിഹാരം ലഭിക്കാതെ ഒഴിഞ്ഞു കൊടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം അദ്ധ്യക്ഷത വഹിച്ചു. സുരേഷ് സീഗേറ്റ്, പി.പി.സുകേശൻ, എച്ച്.മുഹമ്മദ് കബീർ, അനന്തകൃഷ്ണൻ ചെട്ടിയാർ, ശശികുമാർ നടുവത്ര, മനേഷ് എം.ജി.എം, എസ്. വേണുഗോപാൽ, എസ്.മദനൻ, ബാജി കുമാര കോടി, മഞ്ചേഷ് പുരം എന്നിവർ സംസാരിച്ചു.