
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയുടെ വിരലിൽ കുരുങ്ങിയിരുന്ന ഇരുമ്പ് മോതിരം അഗ്നിരക്ഷാസേന മുറിച്ച് നീക്കി. പൊതുപ്രവർത്തകൻ പി. എ. കുഞ്ഞുമോനാണ് കുറവൻതോട് അവശനിലയിൽ കിടന്നയാളെ വെള്ളിയാഴ്ച രാവിലെ ശാന്തിഭവനിൽ എത്തിച്ചത്. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഇയാളെ വൃത്തിയാക്കുന്നതിനിടെയാണ് വലത് കൈയിലെ വിരലിൽ കുരുങ്ങിയ ഇരുമ്പ് മോതിരം ശ്രദ്ധയിൽപ്പെട്ടത്. വളയം കിടന്നഭാഗം മുറിഞ്ഞ് അഴുകിയ നിലയിലായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മോതിരം നീക്കം ചെയ്യാനായില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. ഫയർ ആന്റ് റെസ്‌ക്യൂ സീനിയർ ഓഫീസർ ബദറുദീൻ,ഓഫീസർമാരായ അഖീലേഷ്,സജേഷ് എന്നിവരുടെ നേതൃത്വത്തിൽ വളയം മുറിച്ച് നീക്കി.