ഹരിപ്പാട്: ജില്ലയിൽ കാർഷിക മേഖലയിൽ വിളവെടുപ്പു നടന്ന പാടശേഖരങ്ങളിൽ നെല്ല് സമയബന്ധിതമായി സംഭരിക്കാതിരുന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും സംഭരണ ഏജൻസികളുടെ ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അപ്പർ കുട്ടനാടൻ കർഷകർ.

പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥരും സംഭരണ ഏജൻസികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് പാടശേഖര സമിതികൾ പറയുന്നു. വിളവെടുപ്പ് പൂർത്തീകരിച്ച് പത്ത് ദിവസം കഴിഞ്ഞാലും മില്ലുടമകൾ സമയബന്ധിതമായി നെല്ലെടുക്കില്ല. പ്രകൃതി എതിരാകുന്നതോടെ ഈർപ്പ പരിശോധനയ്ക്കായി ഏജൻസികൾ തോന്നുന്ന രീതിയിലാണ് ക്വിന്റലിന് കിഴിവ് ആവശ്യപ്പെടുന്നത്. 15 കിലോഗ്രാം വരെയാണ് ക്വിന്റലിന് ആവശ്യപ്പെടുന്നത്. കർഷകർ വിസമ്മതിച്ചാൽ വീണ്ടും ആഴ്ചകൾ പാടത്ത് നെല്ലുമായി കാത്ത് കെട്ടിക്കിടക്കേണ്ടി വരും. ഇത് ഭയന്ന് കർഷകർ കിഴിവ് കൊടുക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണ്.

ഒരു പാടത്ത് ഏതെങ്കിലും കർഷകന്റെ നെല്ലിന് പോരായ്മ അനുഭവപ്പെട്ടാൽ ആ പാടശേഖരത്തിലെ നെല്ല് മുഴുവനും അതിന്റെ അടിസ്ഥാനത്തിലാണ് സംഭരിക്കുന്നത്. കർഷകനെ പിഴിഞ്ഞ് ഇത്തരത്തിൽ ലക്ഷങ്ങളാണ് സംഭരണ ഏജൻസികൾ ഓരോ സീസണിലും ലാഭം കൊയ്യുന്നത്. നാമമാത്ര തൂക്കമുള്ള ചാക്കിന് പോലും ഓരോ കിലോയാണ് കുറവ് വരുത്തുന്നത്. കൃഷി ചെലവിന്റെ ഇരട്ടിയാണ് വിളവെടുപ്പ് മുതൽ സംഭരണം വരെ കർഷകർ ചെലവഴിക്കേണ്ടി വരുന്നത്. ചുമട്ടു കൂലിക്ക് പുറമെ വാരു കൂലി, തയ്യൽ കൂലി, വാഹനക്കൂലി ഉൾപ്പടെ ക്വിന്റലിന് 250 രൂപയോളം വരും ഈ ചെലവ്. ഈ സ്ഥിതിക്ക് മാറ്റം വന്നില്ലങ്കിൽ കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി അന്യം നിന്ന് പോകുന്ന അവസ്ഥയുണ്ടാകുമെന്നും കർഷകരെ കടക്കെണിയിലാക്കാതെ സിവിൽ സപ്ലൈസ് കോർപറേഷൻ കളത്തിൽ നിന്നും നെല്ല് നേരിട്ട് സംഭരിക്കണമെന്നുമാണ് കർഷകരും പാടശേഖര സമിതിയും ആവശ്യപ്പെടുന്നത്.

....................................................

ഐ.ആർ.സി കൂടി ഓരോ വർഷവും കൂലി വർദ്ധന നടപ്പിൽ വരുത്തും. എന്നാൽ സപ്ലൈകോ നെല്ല് സംഭരിക്കാൻ തുടങ്ങിയ കാലം മുതൽ കൈകാര്യ ചെലവായി കർഷകർക്ക് നൽകുന്നത് ക്വിന്റലിന് 12 രൂപയാണ്. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇതിൽ യാതൊരു മാറ്റവുമില്ല.

കർഷകർ