a

മാവേലിക്കര: ആധുനിക നിലവാരത്തിലേക്ക് ഉയർന്ന് എ.ആർ.ആർ.ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അഞ്ചു കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം അവസാന ഘത്തിലേക്ക് നീങ്ങുന്നത്. 30ന് പുതിയ കെട്ടിട സമുച്ഛയം നാടിന് സമർപ്പിക്കും. 125 വർഷങ്ങളുടെ പഴക്കമുണ്ടായിരുന്ന കെട്ടിടങ്ങൾ മാറ്റി ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങളും ക്ലാസ് മുറികളും നിർമ്മിച്ചതോടെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി 1896 ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീ മൂലം തിരുനാൾ ബാലരാമവർമ മാവേലിക്കരയിൽ ആരംഭിച്ച പെൺപള്ളിക്കൂടം ഇന്ന് മാവേലിക്കരയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും മികവുറ്റതാണ്. യു.പി സ്കൂൾ 1946ൽ ഹൈസ്കൂളായും 1996ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തി. താലൂക്കിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്നതും പരീക്ഷകളിൽ ഉന്നത വിജയ നിലവാരം പുലർത്തുന്നതുമായ സ്ഥാപനമാണ്. ഹയർസെക്കൻഡറിയിൽ 440 ഉം യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 650 ഉം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മുപ്പതിലധികം ഡിവിഷനുകളുണ്ട്. എസ്.പി.സി ജൂനിയർ റെഡ് ക്രോ ഗൈഡ് എന്നിവയുടെ പ്രവർത്തനവും സജീവമാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2017ൽ നിയോജക മണ്ഡലങ്ങളിലെ ഓരോ സ്കൂളുകളുടെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നതനുസരിച്ച് മാവേലിക്കര നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുത്തത് മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ്. കിഫ്ബി വഴി അഞ്ചു കോടി രൂപയും അനുവദിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം നടന്നത്.

............

# ആധുനിക കെട്ടിടം

മൂന്ന് നിലകളിലായി 40 മുറികളാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അടുക്കള, ഭക്ഷണമുറി, ബയോളജി ലാബ്, ഗൈഡ്റൂം, കമ്പ്യൂട്ടർ ലാബ്, മെഡിക്കൽ റൂം, ക്ലാസ് മുറികൾ ഒന്നാം നിലയിൽ ഭാഷ ലാബ്, കണക്ക് ലാബ്, കെമിസ്ട്രി ലാബ്, കമ്പ്യൂട്ടർ ലാബ്, 10 ക്ലാസ് മുറികൾ, രണ്ടാം നിലയിൽ രണ്ട് ഓഫീസ് മുറികൾ, ഫിസിക്സ് ലാബ്, കമ്പ്യൂട്ടർ ലാബ്, 10 ക്ലാസ് മുറികൾ എന്നിവയുണ്ട്. 27 ടോയ്ലെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

...............

'' സ്കൂളിന്റെ വികസനത്തിന് നഗരസഭ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഈ അദ്ധ്യായന വർഷം ഏറ്റവും കൂടുതൽ ഭൗതിക സാഹചര്യങ്ങൾ നൽകിയത് സ്കൂളിനാണ്. മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള എല്ലാ പിൻതുണയും സ്കൂളിന് നൽകുന്നുണ്ട്.

ലളിതാ രവീന്ദ്രനാഥ്,

(വാർഡ് കൗൺലിസർ, വൈസ് ചെയർപേഴ്സൺ).

'' ഞാൻ പഠിച്ച സ്കൂൾ കൂടിയാണ്. ഇവിടെ രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനാൽ വലിയ വികസനമാണ് ഉണ്ടാകുന്നത്. സ്വകാര്യ സ്കൂളുകളെ പോലും പിൻതള്ളുന്ന അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ് സ്കൂൾ ഇപ്പോൾ.

സനില.ബി,

(പി.ടി.എ പ്രസിഡന്റ്)