
മാവേലിക്കര: ടോറസ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെങ്ങന്നൂർ വെൺമണി ചെറവല്ലൂർ പ്ലാന്തറയിൽ സുധാകരന്റെ മകൻ എസ്.സന്ദീപ് (38) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന വെൺമണി പാറച്ചന്ത വിജിത ഭവനത്തിൽ വിജയനെ (45) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം- തേനി ദേശീയ പാതയിൽ കൊച്ചാലുംമൂട് ജംഗ്ഷന് തെക്ക് കൊച്ചാലുംമൂട് എസ്.ബി.ഐക്ക് സമീപം ഇന്നലെ രാവിലെ 8നായിരുന്നു അപകടം. ടോറസും സ്‌കൂട്ടറും മാങ്കാംകുഴി ഭാഗത്തേക്കു പോകുകയായിരുന്നു. പിന്നിൽ നിന്നു വന്ന ടോറസ് സ്‌കൂട്ടറിന് പിന്നിലിടിച്ചതിനെത്തുടർന്ന് തെറിച്ചു റോഡിൽ വീണ സന്ദീപിന്റെ ശരീരത്തിലൂടെ ടോറസിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
സന്ദീപം വിജയനും കെട്ടിട നിർമാണ തൊഴിലാളികളായിരുന്നു. ചാരുംമൂട്ടിലെ പണി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ടോറസിന്റെ ഡ്രൈവർ ചേപ്പാട് മുട്ടം കൃഷ്ണവിലാസത്തിൽ സനലിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപിന്റെ ഭാര്യ ലിൻജു. മകൻ: സഞ്ജയ്. സംസ്‌കാരം ഇന്ന്.