ദുരന്ത നിവാരണ നടപടികൾക്ക് തുടക്കമിടാൻ നിർദ്ദേശം
ആലപ്പുഴ : ശക്തമായ മഴയ്ക്കും കടലാക്രമണഭീഷണിക്കും സാദ്ധ്യതയുണ്ടെന്ന ജാഗ്രതാ നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ നടപടികൾക്ക് തുടക്കമിടാൻ വിവിധ വകുപ്പു മേധാവികൾക്ക് ജില്ല ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശം നൽകി. എല്ലാ വകുപ്പ് മേധാവികളെടെയും സേവനം പരമാവധി പ്രയോജനപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നെങ്കിലും തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും മുഴുവൻ ഷട്ടറുകളും ഉയർത്തിയതിനാൽ നാശം വിതച്ചില്ല.
ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ആവശ്യമായ സംവിധാനങ്ങൾ റവന്യൂ വകുപ്പ് ഏർപ്പാടാക്കണം. ക്യാമ്പുകളായി ഉപയോഗിച്ചുവരുന്ന 403 കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൊവിഡ് രോഗികളെ പാർപ്പിച്ചിരുന്ന ഡി.സി മില്ലിന്റെ ഹാളും ക്യാമ്പിനായി സജ്ജമാക്കി. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ടിവരുന്ന സ്‌കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം.
മണൽ നീക്കവും ഓരുമുട്ടും
പൊഴിമുഖത്തെ ജലാശയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനും ഇറിഗേഷൻ, പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവ സ്ഥാപിച്ച ഓരുമുട്ട് പൊളിച്ചു നീക്കാനും നിർദ്ദേശം നൽകിയിരുന്നു.തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞു കൂടിയ 30,000മീറ്റർ സ്ക്വയർ മണൽ ഇന്നലെ വരെ നീക്കി. അന്ധകാരനഴി പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി.
വിവിധ വകുപ്പുകൾ ശ്രദ്ധിക്കാൻ
അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലുകൾ മഴക്കാലത്തിനു മുമ്പ് വെട്ടിമാറ്റണം
അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കാൻ പൊലീസും അഗ്‌നിരക്ഷാ സേനയും സജ്ജമാകണം
റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിക്കണം. ഓടകൾ വൃത്തിയാക്കണം
ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ മുൻകരുതലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം
"വിവിധ വകുപ്പുളെ ഏകോപിപ്പിച്ച് കാലവർഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. ക്യാമ്പിനായി കണ്ടെത്തിയിട്ടുള്ള ഡി.സി മില്ലിന്റെ ഹാൾ അടുത്ത ദിവസം കളക്ടർ സന്ദർശിക്കും.
-ആശ സി.എബ്രഹാം, ഡെപ്യൂട്ടി കളക്ടർ, ദുരന്ത നിവാരണ വിഭാഗം