അമ്പലപ്പുഴ: അർഹതപ്പെട്ട അവകാശങ്ങൾക്ക് വേണ്ടി ദളിത് വിഭാഗങ്ങൾ പോരാട്ടം തുടരണമെന്ന് മുൻമന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ മൺമറഞ്ഞ പല സാഹിത്യകാരന്മാരും പ്രമുഖ കവികളും ജാതിവ്യവസ്ഥകളെക്കുറിച്ചും ഉച്ച നീചത്വങ്ങളെപ്പറ്റിയും നിരന്തരം തങ്ങളുടെ തൂലിക ചലിപ്പിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ രജത ജൂബിലി സംസ്ഥാന സമ്മേളനം അമ്പലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.സുധാകരൻ . ദളിതരുടെ സാഹിത്യ കൃതികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക ഗ്രാന്റ് അനുവദിയ്ക്കണം. പാർലമെന്റ് - നിയമസഭാ സീറ്റുകളിൽ ദളിത് വിഭാഗത്തിനുള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. ഭാരതീയ ദളിത് സാഹിത്യ അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി .അഞ്ജു മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് വീണാവൈഗ , ജനറൽ സെക്രട്ടറി പ്രീതാ കുളത്തൂർ, ബി.ഡി .എസ്. സെക്രട്ടറി എം.വി.അനിത മലപ്പുറം, മധു കലയതോലിൽ, വി.വി.രാധാകൃഷ്ണൻ , ശാന്തകുമാരി വെളിയനാട്, കെ.കൃഷ്ണമ്മ, ലക്ഷ്മി കരുണാകരൻ, എന്നിവർ സംസാരിച്ചു. ഡോ. ജയൻ സി.കുന്നത്തുരിന്റെ ഫസ്ഖ് കഥകൾ എന്ന പുസ്തകം ജി .സുധാകരൻ പ്രകാശനം ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ പ്രാമുഖ്യം തെളിയിച്ച കലാകാരന്മാരേയും എഴുത്തുകാരേയും ആദരിച്ചു. ഇന്ന് രാവിലെ 10 ന് രജത ജൂബിലി നേതൃസംഗമം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി സജി ചെറിയാനും രജത ജൂബിലി പുരസ്കാര വിതരണം മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും.