ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവന്ന മഴക്കാല പൂർവ ശുചീകരണ പദ്ധതിയായ "മഴയെത്തും മുമ്പേ" ഇന്ന് മഹാ ശുചീകരണത്തോടെ പൂർത്തിയാവും. രാഷ്ട്രീയ, യുവജന, സന്നദ്ധ സംഘടനാ പ്രവർത്തകർ, സി.ഡി.എസ് ,ആശ, അങ്കണവാടി പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി വിവിധ തുറകളിലെ ജനങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ ശുചീകരിക്കും.
വീടുകളും പരിസരങ്ങളും അവരവർ ശുചീകരിക്കുകയും കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യും. നഗരത്തിലെ അരലക്ഷം ഭവനങ്ങളിൽ ശുചീകരണ സാമഗ്രികൾ എത്തിച്ചു നൽകും. വാർഡുകളിലെ ഇടത്തോടുകളുടെ ശുചീകരണത്തിനായി വാർഡൊന്നിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഈ പ്രവൃത്തികൾ നടന്നു വരികയാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ വാർഡിനും 30,000 രൂപ കൗൺസിലറുടേയും വാർഡ് കോ ഓർഡിനേറ്ററുടേയും സംയുക്ത അക്കൗണ്ടിലേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 20000 രൂപ ആദ്യ ഗഡുവായി നൽകിയതായും ബാക്കി 10,000 രൂപ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് അനുവദിക്കുമെന്നും നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.