ആലപ്പുഴ: റിലയൻസ് ജിയോ ഇൻഫോ കോമിന്റെ കേബിളുകൾ നഗരത്തിൽ സ്ഥാപിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം തുടരാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. റിലയൻസ് നഗരസഭയ്ക്ക് അടയ്ക്കാനുള്ള ഭീമമായ നഷ്ട പരിഹാരത്തുക അടയ്ക്കാത്തതിനാലും ഉഭയകക്ഷി ചർച്ച പ്രകാരം ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി രഹസ്യമായി പോളുകൾ സ്ഥാപിക്കാനും കേബിൾ വലിയ്ക്കാനും ശ്രമിക്കുന്തിനാലുമാണ് നടപടി. അനുമതിയില്ലാതെ രാത്രികാലത്ത് നടത്തിയ പ്രവർത്തനങ്ങൾ നഗരസഭ നൈറ്റ് സ്‌ക്വാഡ് കണ്ടെത്തി തടഞ്ഞിരുന്നു. പൊതു ഇടങ്ങളിൽ അനുവാദം കൂടാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കാൻ കൗൺസിൽ തീരുമാനിച്ചു.
റിലയൻസിന്റെ ഇത്തരം അനധികൃത പ്രവൃത്തി കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. റിലയൻസ് ജിയോ ഇൻഫോ കോം റോഡ് മെയയിന്റനൻസ് ചാർജ്ജ്, പിഴ തുടങ്ങിയ ഇനത്തിൽ നഗരസഭയ്ക്ക് നൽകേണ്ട തുക അടയ്ക്കാതെ സ്ഥാപനത്തിന്റെ നഗരത്തിലെ എല്ലാ വിധ കേബിളിംഗ് അനുബന്ധ പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണെന്നും എവിടെയെങ്കിലും കേബിളിംഗ് പ്രവൃത്തി നടക്കുന്നത് കണ്ടാൽ നഗരസഭയെ വിവരമറിയിക്കണമെന്നും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ എന്നിവർ അറിയിച്ചു.