ആലപ്പുഴ: മഴക്കാലപൂർവ്വ ശുചീകരണത്തി​നും പ്രളയക്കെടുതികൾ ഒഴിവാക്കുന്നതി​നുമായി​ ആലപ്പുഴ നഗരസഭയി​ലെ 52 വാർഡുകൾക്കും ഓരോ ലക്ഷം രൂപ വീതം അനുവദിച്ചു. നഗരസഭയുടെ ഗവ.എച്ച്.എസ്. എൽ.പി.സ്‌ക്കൂളിന്റെ കിഴക്കുവശത്തുള്ള മതിൽ പുനർ നിർമ്മിക്കാനുള്ള ഏഴര ലക്ഷം രൂപയുടെ എസ്റ്റിമേറ്റും കൗൺസിൽ അംഗീകരിച്ചു.

നഗരസഭയിൽ തെരുവോര കച്ചവട നയം നടപ്പിലാക്കാൻ സെന്റർ ഫോർ പബ്‌ളിക് പോളിസി റിസർച്ച് എന്ന സ്ഥാപനം നഗരസഭയ്ക്ക് ഒപ്പം പ്രവർത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും സ്ട്രീറ്റ് വെൻഡിംഗ് പ്ലാൻ, ബൈലോ എന്നിവ സൗജന്യമായി തയ്യാറാക്കി നൽകാം എന്നും അറിയിച്ചിട്ടുള്ളതിനാൽ അത് തയ്യാറാക്കുവാനുള്ള ചുമതല സി.പി.പി.ആറിന് നൽകാൻ കൗൺസിൽ അനുമതി നൽകി. ടൗൺ ഹാൾ നവീകരണത്തിനായി വകയിരുത്തിയ തുക, ചില പ്രവൃത്തികൾ അധികരിച്ചു വന്നതിനാൽ റിവൈസ് ചെയ്യാൻ തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, റീഗോ രാജു, എം.ആർ.പ്രേം ,ഡി.പി.മധു, നസീർ പുന്നയ്ക്കൽ ,മെഹബൂബ്, ഇല്ലിക്കൽ കുഞ്ഞുമോൻ, സെക്രട്ടറി നീതുലാൽ, നഗരസഭ എൻജിനീയർ ഷിബു എൽ.നാൽപ്പാട്ട് എന്നിവർ സംസാരിച്ചു.