ചേർത്തല:നഗരസഭ നടപ്പാക്കുന്ന ചേലൊത്ത ചേർത്തല പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണ യജ്ഞം ഇന്ന് രാവിലെ 8 മുതൽ നടക്കും. ഉദ്ഘാടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ നിർവഹിക്കും.
നഗരത്തിലെ റോഡുകളെ 10 റൂട്ടുകളായി തിരിച്ച് അവയുടെ അരികിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങളും ചേർത്തല എ.എസ്. കാനാലിന്റെ ഇരുകരകളിലുമായി കൂടിക്കിടക്കുന്ന മാലിന്യവും 35 വാഡുകളിൽ വിവിധ ഇടങ്ങളിലായി കിടക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്യും.ചേലൊത്ത ചേർത്തല ശുചിത്വ സർവേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങൾ കൂടിക്കിടക്കുന്ന 168 ഹോട്ട്സ്‌പോട്ടുകൾ ഇതിനകം കണ്ടെത്തിയിരുന്നു.പന്ത്റണ്ട് റൂട്ടുകളിലും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരടക്കമുള്ള നഗരസഭ കൗൺസിലർമാർ ശുചീകരണത്തിന് നേതൃത്വം നൽകും.നഗരസഭാ കണ്ടിജന്റ് ജീവനക്കാർ,ഹരിതകർമ്മ സേന,അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ ഭാരവാഹികൾ,നഗരസഭാ ജീവനക്കാർ, എൻ.എസ്.എസ്, എൻ.സി.സി എന്നീ വിഭാഗങ്ങളും ഡി.വൈ.എഫ്.ഐ,എ.ഐ.വൈ.എഫ്,യൂത്ത് കോൺഗ്രസ്,യുവമോർച്ച തുടങ്ങിയ വിവിധ യുവജനസംഘടനകളും പൊലീസ്,എക്‌സൈസ്,ഫയർഫോഴ്‌സ് തുടങ്ങിയ സംവിധാനങ്ങളും ശുചീകരണത്തിൽ പങ്കാളികളാകും.