അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ സ്ത്രീകളും, കുട്ടികളുമടക്കം 8 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ 7 ഓടെ തീരത്ത് വീശിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളിയായ ബേബിയെ കടിച്ച നായ ലേല ഹാളിന് സമീപത്തു നിന്നിരുന്ന കുഞ്ഞുമോൻ, ബാബു എന്നിവരേയും കടിച്ച ശേഷം സമീപത്തുള്ള വീടുകളിൽ നിന്ന 2 സ്ത്രീകളേയും 3 കുട്ടികളേയും കടിച്ച ശേഷം ഓടി മറഞ്ഞു. കടിയേറ്റവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ നിന്നും ഇൻജക്‌ഷനുള്ള മരുന്ന് ലഭിച്ചില്ലെന്നും, 3500 രൂപ വീതം മുടക്കി പുറത്തു നിന്നും മരുന്ന് വാങ്ങേണ്ടി വന്നെന്നും നാട്ടുകാർ ആരോപി​ച്ചു.