അമ്പലപ്പുഴ: മോഷ്ടാവിന്റെ അക്രമണത്തിന് ഇരയായ ആമയിട സ്വദേശിനിയായ 65 കാരി മരിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. തനിച്ച് താമസിച്ചിരുന്ന ഇവരുടെ വീട്ടിൽ കഴിഞ്ഞ 25 നായിരുന്നു സംഭവം. വീട്ടിൽ നിന്ന് ടോർച്ചും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം യുവാവ് മർദ്ദിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗുംഗലം കോളനിയിൽ സുനീഷിനെ (അപ്പു, 22) കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. വീട്ടമ്മ മാനഭംഗത്തിന് ഇരയായെന്നും സംശയമുണ്ട്. ഇന്ന് നടക്കുന്ന പോസ്‌റ്റുമോർട്ടത്തിൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.