രോഗിയോടും ഒപ്പമുണ്ടായിരുന്ന വനിതയോടും മോശമായി പെരുമാറി

ചേർത്തല:വയറുവേദനയെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെ ത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചെന്നും ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും പരാതി. വാരനാട് ജവഹർ കോളനി അനുനിവാസിൽ ടി.സിന്ധുവാണ് (44) ആരോഗ്യമന്ത്റിയ്ക്ക് ഉൾപ്പെടെ പരാതി നൽകിയത്.

വെള്ളിയാഴ്ച്ച രാത്രി 6.30 ഓടെയാണ് പരാതിയ്ക്ക് ഇടയായ സംഭവം.സിന്ധുവും സമീപവാസി യമുനയും ചേർന്നാണ് ആശുപത്രിയിലെത്തിയത്. പരാതിയിൽ പറയുന്നത് : 'ആശുപത്രിയിലെ തിരക്കു കാരണം വീട്ടിലെത്താൻ താമസിക്കുമെന്ന് അറിയിക്കാൻ യമുന ഫോൺ എടുത്തപ്പോൾ വീഡിയോ എടുക്കുകയാണെന്ന് ആക്രോശിച്ച് ഒരു ജീവനക്കാരി യമുനയുടെ കയ്യിൽ പിടിച്ച് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. തുടർന്ന് സിന്ധുവിന്റെ ചീട്ടെടുത്ത് മാ​റ്റിവച്ചു. ഇവരെ കടത്തി വിടാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. പിന്നീട് ഡോക്ടറെ കണ്ട ശേഷം കുറിച്ച മരുന്ന് വാങ്ങാനായി ഫാർമസിയിലേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു ജീവനക്കാരി ഒ.പിചീട്ട് തട്ടിപ്പറിച്ചെടുത്ത ശേഷം പറഞ്ഞു വിട്ടു.മണിക്കൂറുകളോളം രോഗിയെ അവിടെ നിറുത്തി".

തുടർന്ന് തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കരെ സിന്ധു വിവരം അറിയിക്കുകയും, പ്രവീൺ ചേർത്തല നഗരസഭ ചെയർപേഴ്‌സനെ ഇക്കാര്യം ധരിപ്പിച്ച് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു പറയുകയും ചീട്ട് എടുപ്പിച്ചു മരുന്നു നൽകുകയുമായിരുന്നു.അപ്പോൾ സമയം രാത്രി 11 കഴിഞ്ഞെന്നും പരാതിയിൽ പറയുന്നു.ആശുപത്രിയിൽ വീഡിയോ എടുക്കരുതെന്ന് നിർദ്ദേശിച്ചത് ലംഘിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്‌തെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.എന്നാൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുമെന്ന് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ പറയുന്നു.ചേർത്തല പൊലീസും സ്ഥലത്ത് എത്തിയിരുന്നു.