ചെങ്ങന്നൂർ: സംസ്ഥാനത്ത് സംരംഭകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്ന വിപണന സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വ്യവസായ മേഖലയിൽ വിപുല വികസനം ലക്ഷ്യമിടുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ബോധവത്കരണ ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിക്കുയായിരുന്നു മന്ത്രി. ഓൺലൈനിലും ഓഫ് ലൈനിലും കയറ്റുമതി നടത്തുന്ന വിപണന സംവിധാനത്തിലൂടെ ലോക കമ്പോളവുമായി ബന്ധപ്പെടാൻ കഴിയും വിധമുള്ള മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിനു തന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അടുത്ത നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് തൊഴിൽ രഹിതരുടെ എണ്ണം പകുതിയായി കുറയും. ഒരു വീട്ടിൽ ഒരാൾക്ക് എങ്കിലും ജോലി ലഭിക്കും വിധം സ്ഥിതി മാറുമെന്നും സജിചെറിയാൻ പറഞ്ഞു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി.ഒ.രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആശ വി.നായർ, പ്രസന്ന രമേശൻ, സുനിമോൾ, പി.വി.സാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്മാരായ മിനി ഫിലിപ്പ്, സരിത ഗോപൻ, പഞ്ചായത്ത് അംഗം ലേഖ അജിത്, ജില്ലാ വ്യവസായ കേന്ദ്രം (ഇ.ഐ.) മാനേജർ കെ.അഭിലാഷ്, ജി.കൃഷ്ണപിള്ള, ഉപജില്ലാ വ്യവസായ ഓഫീസർ കെ.എൽ.അജയകുമാർ എന്നിവർ പങ്കെടുത്തു.