അമ്പലപ്പുഴ: മോഷണ ശ്രമത്തിനിടെ യുവാവ് ആക്രമിച്ചതിനെത്തുടർന്ന് മരിച്ച 65കാരിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആന്തരികാവയവങ്ങളിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.കേസിൽ നേരത്തേ പിടിയിലായ കരുമാടി നാഗുംഗലം കോളനിയിൽ അപ്പു എന്നു വിളിക്കുന്ന സുനീഷിനെതിരെ (22) കൊലപാതക കുറ്റം ചുമത്തി.
കഴിഞ്ഞ 25 ന് രാത്രിയിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരിയുടെ വീട്ടിലെത്തിയ അപ്പു ശാരീരികമായി ആക്രമിച്ച ശേഷം ടോർച്ചും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നത്. പരിക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു.