മാന്നാർ: കേരളത്തിൽ വർഗീയ വാദികളുടെ പരിശ്രമങ്ങൾ വിജയിക്കാത്തതിന് കാരണം ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യമാണെന്നും അവർക്ക് വെല്ലുവിളിയായിട്ടുള്ളത് ഇടതുപക്ഷം മാത്രമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി.പി.എം മാന്നാർ ഏരിയാകമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു മുസ്ലിം മതങ്ങളിലെ ഒരുശതമാനം മാത്രം വരുന്ന ആളുകൾ നടത്തുന്ന വർഗീയ പ്രവർത്തനങ്ങളെ ബാക്കി വരുന്ന 99 ശതമാനം ജനങ്ങളും എതിർക്കുകയാണ്. വർഗീയത സൃഷ്ടിക്കാൻ നടത്തിയ സംഘടിതമായ ഗൂഡഡാലോചനയുടെ പരിണിത ഫലമാണ് ആലപ്പുഴയിലും പാലക്കാട്ടും രണ്ടു പേരുടെ കൊലപാതകത്തിൽ കലാശിച്ചത്. ഭരണപക്ഷത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി അല്ലായിരുന്നുവെങ്കിൽ കേരളം കത്തിച്ചാമ്പലാകുമായിരുന്നു. കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുവാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.