
ചേർത്തല: ഓട്ടോറിക്ഷ നിയന്ത്റണം വിട്ട് പാലത്തിന്റെ കൽക്കെട്ടിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ ടി.കെ. ഷാജി (53) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂർ പുറത്തേവെളിയിൽ രജനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പകൽ രണ്ടോടെയായിരുന്നു അപകടം. തിരുനല്ലൂരിലെ രജനിയുടെ വീട്ടിൽ നിന്ന് ഇവർ തലയോലപ്പറമ്പിന് പോകുകയായിരുന്നു. ചേർത്തല കാളികുളം -ചെങ്ങണ്ട റോഡിൽ പഴംകുളം പാലത്തിന്റെ വടക്കു വശത്തെ കൽക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകൾ തകർത്താണ് 16 അടയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്ക് ഓട്ടോ വീണത്. രജനിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഷാജിയെ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനിയെ പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ മാതാവ്: പെണ്ണമ്മ. മക്കൾ: യദുകൃഷ്ണൻ, വിദുകൃഷ്ണൻ (ഇരുവരും വിദ്യാർത്ഥികൾ). ഷാജിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.