sp

ആലപ്പുഴ : കൊവിഡ് കാലത്തിനും ഓൺലൈൻ ക്ലാസിനും ഗുഡ്ബൈ പറഞ്ഞ് കുട്ടിക്കൂട്ടങ്ങൾ നാളെ മുതൽ വീണ്ടും വിദ്യാലയങ്ങളിലെത്തും. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് അടക്കമുള്ള പ്രവേശനം ഇപ്പോഴും തുടരുകയാണ്.

ഈ അദ്ധ്യയനവർഷം ഒന്നാം ക്ലാസിലേക്ക് മാത്രം ജില്ലയിൽ ഒൻപതിനായിരത്തോളം കുട്ടികൾ ചേർന്നു കഴിഞ്ഞതായാണ് കണക്ക്. പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ 18900 കുട്ടികൾ ഇക്കൊല്ലം പുതുതായി ചേർന്നു. പ്രവേശനം നേടിയവരുടെ കൃത്യമായ കണക്ക് ക്ലാസ് ആരംഭിച്ച്, ആറാം പ്രവൃത്തി ദിനത്തിൽ മാത്രമേ വ്യക്തമാകൂ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പൂർണമായും ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ചവരാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ഒന്നാം ക്ലാസുകാർക്ക് പുറമേ, നിലവിലെ മൂന്നാം ക്ലാസുകാർക്കും സ്കൂൾ എന്നത് പുത്തൻ അനുഭവമായിരിക്കും. എല്ലാവരെയും പ്രവേശനഗാനത്തിന്റെ അകമ്പടിയോടെ വർണ്ണത്തൊപ്പികളും, ബലൂണുകളും മധുരവും നൽകി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് അദ്ധ്യാപകർ.

ഒന്നാം ക്ലാസിൽ ഇന്നലെ വരെ പ്രവേശനം നേടിയവർ

( വിദ്യാഭ്യാസ ഉപജില്ല ക്രമത്തിൽ)

തുറവൂർ ...........1255

ചേർത്തല ....... 1900

ആലപ്പുഴ ......... 1481

അമ്പലപ്പുഴ...... 780

ഹരിപ്പാട് ......... 430

കായംകുളം......925

മാവേലിക്കര ... 850

ചെങ്ങന്നൂർ .....510

തലവടി ............ 218

വെളിയനാട്..... 98

മങ്കൊമ്പ് .......... 285

സ്കൂൾ തുറക്കുന്നതോടെ മത്സരങ്ങളുടെയും മേളകളുടെയും കലോത്സവങ്ങളുടെയും കാലം കൂടിയാണ് ഉണരുന്നത്. ഫിസിക്കൽ എഡ്യുക്കേഷൻ എന്നത് ഫിറ്റ്നസ് നിലനിർത്തുന്നതിനൊപ്പം കുട്ടികളിലെ മാനസികാരോഗ്യം നിലനിർത്താൻ കൂടിയുള്ളതാണ്. എല്ലാ കുട്ടികളും കളിച്ചും രസിച്ചും വളരട്ടെ

-വി.വിജു , കായികാദ്ധ്യാപകൻ, എസ്.എൻ.എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല

കൊവിഡ് മൂലം സ്കൂളുകൾ അടച്ചപ്പോൾ ഓൺലൈൻ മാത്രമായിരുന്നു ഏക ആശ്രയം. പക്ഷേ ക്ലാസിൽ പഠിക്കുന്ന അത്രയും ആവില്ലല്ലോ ഓൺലൈൻ ക്ലാസ്. ക്ലാസിൽ വന്നാലേ പാഠഭാഗങ്ങൾ ശരിക്കും മനസിലാകൂ. പിന്നെ വലിയ ഇടവേളയ്ക്ക് ശേഷം കൂട്ടുകാരെയും ടീച്ചർമാരെയും തിരിച്ചുകിട്ടുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

-ശിവാംഗി പ്രതീഷ്. എട്ടാം ക്ലാസ്, സെന്റ് ആൻസ് പബ്ലിക് സ്കൂൾ, ചേർത്തല

കൂട്ടുകാരെ നേരിൽ കണ്ടിട്ട് ഒരുപാട് നാളായി. ഒത്തിരി വിശേഷങ്ങൾ നേരിൽ പറയാനുണ്ട്. ഓൺലൈൻ ക്ലാസുകൾ മടുത്തു തുടങ്ങിയിരുന്നു. ഇനി ടീച്ചർമാർക്കും കൂട്ടുകാർക്കുമൊപ്പം അടിച്ചുപൊളിച്ച് പഠിക്കാം

- എസ്.ആദിനാരായണൻ, ആറാം ക്ലാസ്, എസ്.ഡി.വി ഇ.എം.എച്ച്.എസ്.എസ്, ആലപ്പുഴ

സ്കൂളിൽ പോയി പഠിക്കുന്നതാണ് ഇഷ്ടം.വീട്ടിലിരുന്ന് മടുത്തു.പുതിയ യൂണിഫോമൊക്കെ ഇട്ട് പോകാൻ തയ്യാറായി രിക്കുകയാണ്

- അരുൺ എബി, എട്ടാം ക്ലാസ്, സെന്റ് മൈക്കിൾസ്, തത്തംപള്ളി