മാന്നാർ: അങ്കണവാടിയിൽ എത്തിയതിന്റെ അമ്പരപ്പും ഭയവും നിഴലിച്ച കുരുന്നു മുഖങ്ങളിൽ പുഞ്ചിരിയും സന്തോഷവും നിറച്ച് പ്രവേശനോത്സവം നാടിനുത്സവമായി. തോരണങ്ങളും ബലൂണുകളും വർണപ്പൂക്കളും കൊണ്ട് അലങ്കരിച്ച അങ്കണവാടിയിൽ പ്രവേശനോത്സവത്തെ ആടിയുംപാടിയും നൃത്തം വച്ചും കുരുന്നുകൾ ആഘോഷമാക്കി. സംസ്ഥാന വ്യാപകമായി അങ്കണവാടികളിൽ നടത്തിയ പ്രവേശനോത്സവത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ട് അങ്കണവാടികളിലും പ്രവേശനോസവം സംഘടിപ്പിച്ചു.
മാന്നാർ പഞ്ചായത്ത്തല പ്രവേശനോത്സവം 14 -ാം വാർഡിലെ 159 -ാം നമ്പർ അംഗൻവാടിയിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡിലെ പത്ത് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുമായി ലഭിച്ച 20 കസേരകൾ മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ അങ്കണവാടിക്ക് കൈമാറി. ആഴ്ചയിൽ രണ്ട് ദിവസം കുഞ്ഞുങ്ങൾക്ക് തേൻ നൽകുന്ന തേൻകണം പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. കുഞ്ഞുങ്ങൾക്ക് പായസവും പഠനോപകരണങ്ങളും നൽകി. പതിനേഴാം വാർഡിൽ വാർഡ് മെമ്പർ എസ്.ശാന്തിനിയും എട്ടാം വാർഡിൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണനും പ്രവേശനോത്സവം ഉദ്‌ഘാടനം നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.