ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്കും ഹരിപ്പാട് ക്ഷേത്രം തെക്കേ നടയ്ക്കുമിടയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇരു ചക്ര വാഹനങ്ങൾ മുതൽ ബസുകൾ വരെ അപകടത്തിൽപ്പെടുന്ന ഇവിടെ രണ്ടുമാസത്തിനിടെ നൂറോളം വാഹനാപകടങ്ങളാണുണ്ടായത്. ചെറിയൊരു മഴ പെയ്താൽ പോലും തുടരെ അപകടങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ്.

ബസുകൾ തെന്നി മാറി അപകടം സംഭവിക്കുന്നതും പതിവാണ്. ചെറിയൊരു മഴ പെയ്താൽ പോലും അന്ന് തുടരെ അപകടങ്ങൾ സംഭവിക്കുന്നു. വാഹനങ്ങൾ ബ്രേക്ക്‌ ഇടുമ്പോൾ തെന്നി മാറിയാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. റോഡിന്റെ ടാറിംഗിലെ ആശാസ്ത്രീയതയാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ടാറിംഗിന് അസാധാരണമായ മിനുസമാണ് ഈ ഭാഗത്തുള്ളത്. ചൂട് അടിച്ചു ടാർ ഉരുകി ഒലിച്ച നിലയിലുമാണ്.

മഴ മറയാക്കി അധികൃതർ

അപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക് പറ്റുകയും വാഹനങ്ങൾക്ക് കെടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. മഴയുടെ പേര് പറഞ്ഞ് അധികൃതർ തടി തപ്പുകയാണ്. ആംബുലൻസ് അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതോടെ ഹരിപ്പാട്ടെ ആംബുലൻസ് ഡ്രൈവർമാർ റോഡിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് റോഡ് പരുക്കനാക്കിയെങ്കിലും ഫലം ചെയ്തില്ല. ചൂട് കൂടിയതോടെ ടാർ ഉരുകി ഒലിച്ചപ്പോൾ ഇത് മാഞ്ഞു.

ആർ. ടി. ഒയുടെ കത്തിനും ഫലമില്ല

റോഡിൽ മിനുസം കൂടുതലാണെന്നും ഇത് അപകടസാദ്ധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാണിച്ച് ആർ.ടി.ഒ ജി.എസ് സജി പ്രസാദ് ഡിസ്ട്രിക്ട് റോഡ് സേഫ്റ്റി കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു.

ഹരിപ്പാട് പ്രദേശത്തെ ദേശീയപാതയുടെ ശോചനീയാവസ്ഥ വാർത്തയായതോടെയാണ് ഗട്ടറുകൾ നിറഞ്ഞ ദേശീയപാത ടാർ ചെയ്തത്. ഈ ടാറിംഗ് ആണ് നിലവിൽ അപകടങ്ങൾക്ക് കാരണമാകുന്നത്. നിരന്തരമായ അപകടങ്ങൾക്ക് കാരണം ടാർ ചെയ്തതിലെ അപാകതയാണെന്ന് വിദഗ് ദ്ധസമിതി കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണുമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ല. വാഹനാപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയതായും വിവരമുണ്ട്.


...................................

അപകട മേഖലയിലെ ടാർ ഇളക്കിമാറ്റി വീണ്ടും ടാർ ചെയ്യുകയോ നിലവിലെ ടാറിന് മുകളിൽ ഒരു പാളി കൂടി ടാർ ചെയ്ത് അപകടം ഒഴിവാക്കാൻ അധികൃതർ തയ്യാറാകണം. രാധാകൃഷ്ണൻ, നാട്ടുകാരൻ

...........................................

പിടയുന്ന ജീവനുമായി ശരവേഗത്തിൽ പായുമ്പോൾ റോഡിൽ ഞങ്ങളുടെ ജീവനും പണയത്തിലാണ്. അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറന്നില്ലേൽ ഒരുപാട് ജീവനുകൾ ഇനിയും പൊലിയും.

ആംബുലൻസ് ഡ്രൈവർമാർ