ആലപ്പുഴ: പി. എം.എ.വൈ ലൈഫ് ഭവന പദ്ധതിയിലെ ഏഴാമത് ഡി.പി.ആർ ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ അംഗീകരിച്ചു. അടുത്തയാഴ്ച മുതൽ പെർമിറ്റ് നൽകിത്തുടങ്ങും. മുൻ ഡി.പി.ആറുകളുടെ നാലാം ഗഡു വിതരണം ചെയ്യാൻ തടസം സൃഷ്ടിക്കുന്ന തരത്തിലെ സാങ്കേതിക ബുദ്ധിമുട്ട് കൗൺസിൽ ചർച്ച ചെയ്തു. അവസാന ഗഡുവായ 40,000 രൂപ മുഴുവൻ കേന്ദ്ര വിഹിതമാണ്. വിതരണം ചെയ്യാൻ നിർദ്ദിഷ്ട ഡി.പി.ആറിൽ ഉൾപ്പെട്ട എല്ലാ വീടുകളും പണി പൂർത്തിയാക്കേണ്ടതുണ്ട്. ഏതെങ്കിലും വീടുകൾ പണി പൂർത്തിയാക്കിയില്ലെങ്കിൽ ആർക്കും അവസാന ഗഡു വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. വിഷയം സംസ്ഥാന സർക്കാർ വഴി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചു. ഗാർഹിക ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് താത്പര്യപത്രം സമർപ്പിച്ച അംഗീകര ഏജൻസികളിൽ കോണാരിസ് അഡ്വാൻസ്ഡ് പോളിമേഴ്‌സിനെ തിരഞ്ഞെടുത്തു. 2011-12 ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിൽ നടപ്പിലാക്കിയ ഇ ടോയ്‌ലറ്റ് പദ്ധതിയെപ്പറ്റി ലോക്കൽ ഫണ്ട് ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട് സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശകൾ കൗൺസിൽ ചർച്ച ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, കെ.ബാബു, എ.ഷാനവാസ്, കൗൺസിലർമാരായ എം.ആർ.പ്രേം , മെഹബൂബ്, മനു ഉപേന്ദ്രൻ, എൽജിൻ റിച്ചാർഡ് ,ബി.നസീർ എന്നിവർ സംസാരിച്ചു.