ആലപ്പുഴ: ടൂറിസം ഹബായ പുന്നമടയിലെ സുപ്രധാന റോഡിലെ യാത്ര ദുരിതപൂർണമാകുന്നു. പുനർ നിർമാണത്തിലെ അപാകതയെത്തുടർന്നാണ് ജില്ലാ കോടതി-പുന്നമട ജെട്ടി റോഡിലെ യാത്ര നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ദുസഹമായിട്ടുള്ളത്.
നാല് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ഉയർത്തി കാനയോടെ പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടം ടാറിംഗ് ജോലി ഭാഗികമായി നടത്തി. മഴക്കാലത്തെ അധികജലം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കി വിടുന്നതിനുള്ള കാനയുടെ ചില ഭാഗങ്ങളിലെ രണ്ടാംഘട്ട ടാറിംഗ് ആരംഭിക്കാത്തതാണ് ദുരിതത്തിലാക്കുന്നത്. വേമ്പനാട് കായലിന്റെ സൗന്ദര്യം നുകരാൻ എത്തുന്ന സഞ്ചാരികളുമായി നിരവധി വാഹനങ്ങളാണ് പ്രതിദിനം റോഡിലൂടെ കടന്നുപോകുന്നത്. ആദ്യഘട്ട ടാറിംഗ് നടത്തിയത് റോഡിന്റെ മദ്ധ്യഭാഗം ഒഴിവാക്കിയായതിനാൽ വേനൽമഴയിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നു. റോഡിന്റെ മദ്ധ്യഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ബൈക്കുകൾ തെന്നി മറിഞ്ഞുള്ള അപകടവും പതിവായി. സമീപത്തെ വീടുകളിൽ വെള്ളം തെറിച്ചു വീണ് ഭിത്തികൾ വൃത്തിഹീനമാകുന്നു. ഇന്ന് സ്കൂൾ തുറക്കുന്നതോടെ കുട്ടികളും എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. ഇതിന് പുറമേ പുന്നമട ഫിനിഷിംഗ് പോയന്റിലെ രാജീവ് ജെട്ടിയുടെ വടക്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ കുടുംബങ്ങൾ റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന മെറ്റലും മണൽ പൊടിയും വീണ് നിലവിലുണ്ടായിരുന്ന കാന അടഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ടിലായത്. ഇരുപത്തിയഞ്ചോളം വീടുകൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പുന്നമട ഫിനിഷിംഗ് പോയന്റിന് വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് വാടക്കനാലുമായി ബന്ധപെട്ട കാനയാണ് അടഞ്ഞത്.
# ഉടനെ തീരുമോ
ഒന്നരമാസം കഴിയുമ്പോൾ പുന്നമടക്കായലിൽ നെഹ്രു ട്രോഫി വള്ളംകളി എത്തുമ്പോൾ ഇപ്പോഴത്തേക്കാൾ അഞ്ചിരട്ടി വാഹനങ്ങൾ ഇതുവഴി വരും. വള്ളംകളിക്കു മുമ്പ് റോഡിന്റെ നിർമ്മാണം തീരുമോ എന്നാണ് പ്രദേശവാസികളുടെ ചോദ്യം. സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ പുന്നമട ഫിനിഷിംഗ് പോയിന്റ് വരെ പുന്നമടക്കായലിന് സമാന്തരമായി കിടക്കുന്ന റോഡാണിത്. കൊവിഡും പിന്നെ കുടിവെള്ള പൈപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് തടസമായത്.
"കുടിവെള്ളം എത്തിക്കുന്നതിനായി ജലഅതോറിട്ടറിയുടെ പൈപ്പ് ഇടുന്നതിനാണ് റോഡിന്റെ മദ്ധ്യഭാഗം ആദ്യഘട്ട ടാറിംഗ് നടത്തിയപ്പോൾ ഒഴിവാക്കിയത്. രണ്ടാംഘട്ട ടാറിംഗ് രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും.
അസി. എൻജിനീയർ, പൊതുവരാമത്ത് വകുപ്പ്.
"അശാസ്ത്രീയമായ ടാറിംഗ് കാരണം മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തീകരിക്കണം.
മോളി ജോർജ്, കോട്ടച്ചിറ
"നെഹ്രു ട്രോഫി ജലമേളയ്ക്ക് മുമ്പ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണം. റോഡിന്റെ മദ്ധ്യഭാഗത്തെ ചാൽ അപകടക്കെണിയുണ്ടാക്കുന്നു.
മനോജ്, കൊറ്റംകുളങ്ങര