s
കായംകുളം നഗരസഭ

ആശുപത്രി വളപ്പിലെ മണ്ണും ചെളിയും നീക്കം ചെയ്യാൻ തീരുമാനമായി

കായംകുളം : പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പൈലിംഗ് ജോലികൾ നടക്കുന്ന കായംകുളം സർക്കാർ ആശുപത്രി വളപ്പിൽ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ വിളിച്ചു കൂട്ടിയ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. മണ്ണ് നീക്കം ചെയ്യാൻ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്തതിന് പിന്നാലെ പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും കൗൺസിൽ യോഗം അലങ്കോലമാക്കി. ചെയർപേഴ്സന്റെ കാസ്റ്റിംഗ് വോട്ടിലാണ് തീരുമാനം പാസായത്. 310 പില്ലറുകളുടെ പൈലിംഗ് ആണ് നടക്കുന്നത്

. ഇതിന്റെ ഭാഗമായി കുഴിച്ചെടുക്കുന്ന മണ്ണും ചെളിയും കെട്ടിക്കിടക്കുന്നത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണാനാണ് ഇവ വാരി മാറ്റാൻ തീരുമാനിച്ചത്. ഈ‌ മണ്ണ് 44 വാർഡുകളിലേയും താഴ്ന്ന പ്രദേശങ്ങളിലും കല്ലുംമൂട്ടിലെ കാഷ്യൂ കോർപറേഷൻ വക സ്ഥലത്തും കൊണ്ടുപോകാനായിരുന്നു തീരുമാനം.

തുടക്കം മുതൽ തടപ്പെടുത്താൻ പ്രതിപക്ഷ ശ്രമം : ചെയർപേഴ്സൺ

നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടം മുതൽ ഇത് തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തിന് ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. നിർമ്മാണത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റുന്നതിലും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നിർമ്മാണ പ്രവർത്തനങൾ താമസിപ്പിക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചത്.പൈലിംഗ് നടത്തുന്ന സ്ഥലത്തെ മണ്ണ് യഥാസമയം മാറ്റിക്കൊടുത്തില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടും.

പകൽക്കൊള്ളക്കെതിരെ പ്രക്ഷോഭം നടത്തും: ബി.ജെ.പി

ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് മറ്റൊരു സ്ഥലത്തേക്ക് കടത്തി മറിച്ചുവിൽക്കാനുള്ള തീരുമാനം കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തോടെ പാസാക്കിയതിന് പിന്നിൽ അഴിമതി നടത്താനുള്ള ഗൂഢാലോചനയാണന്ന് ബി.ജെ.പി ആരോപിച്ചു. ഇതിനകം തന്നെ നിരവധി ലോഡ് മണ്ണ് രാത്രികാലങ്ങളിൽ നീക്കം ചെയ്തു . അത് വാർഡ് കൗൺസിലറും നാട്ടുകാരും ചേർന്ന് ഇത് തടഞ്ഞതിനെത്തുടർന്നാണ് മണൽ കടത്തിന് നിയമസാധുത കിട്ടുന്നതിന് വേണ്ടി അടിയന്തിര കൗൺസിൽ വിളിച്ചു ചേർത്തത്. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ ചെയർപേഴ്സണും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്ന പകൽക്കൊള്ളയ്ക്കെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അംഗങ്ങളായ ഡി.അശ്വിനീദേവ് ,ലേഖ മുരളീധരൻ ,രാജശ്രീ കമ്മത്ത് എന്നിവർ പറഞ്ഞു.