ഹരിപ്പാട്: വി. പീതാംബരൻ മാസ്റ്റർ ഒന്നാം ചരമ വാർഷികദിനാചാരണം രണ്ടിന് രാവിലെ 10ന് കനകകുന്ന് അനിൽനിവാസിൽ നടക്കുമെന്ന് അനുസ്മരണ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണ സമ്മേളന ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി അസ്പർശാനന്ദ സ്വാമി നിർവഹിക്കും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ്‌ ആർ. സുധാകരൻ മാവേലിക്കര അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ നിർവഹിക്കും. ചികിത്സാ ധനസഹായ വിതരണവും ഗുരുധർമ്മ പ്രചാരകരെ ആദരിക്കലും നടക്കും. മാതൃക അദ്ധ്യാപകൻ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, യൂണിയൻ കൗൺസിലർ, യോഗം ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ ട്രസ്റ്റ് ബോർഡംഗം, ഗുരുധർമ്മ പ്രചാരണ സഭയുടെ ജില്ലാ പ്രസിഡന്റ്, ഗുരുധർമ്മ പ്രചാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി.പീതാംബരൻ മാസ്റ്റർ ശിവഗിരിമഠം, ഗുരുധർമ്മ പ്രചാരണസഭയുടെ സ്ഥാപക പ്രവർത്തനങ്ങൾ എന്നിവയിൽ മുഖ്യപങ്കുവഹിച്ചു. വാർത്താസമ്മേളനത്തിൽ അനുസ്മരണ കമ്മിറ്റി കോഓഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, ചെയർമാൻ ആർ.ശശീന്ദ്രൻ, കൺവീനർ അനിൽ പീതാംബരൻ എന്നിവർ പങ്കെടുത്തു.