ആലപ്പുഴ: സ്കൂൾ അദ്ധ്യയനം പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ - ചങ്ങനാശ്ശേരി റൂട്ടിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും. ഗതാഗതനിയന്ത്രണം പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് മുതൽ രാവിലെ 8 മുതൽ 10 വരെയും, വൈകിട്ട് 3 മുതൽ 5 വരെയും കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഈ റൂട്ടിൽ സഞ്ചരിക്കാം. മറ്റ് വാഹനങ്ങളും കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളും നിലവിലുള്ള രീതി തുടരണം. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും, സ്വീകരിച്ച നടപടികൾ ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് ചെയ്യുന്നതിനും പി.ഡബ്ല്യു.ഡി, കെ.എസ്.ടി.പി അധികൃതർക്ക് നിർദ്ദേശം നൽകി.
രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും എ.സി റോഡിൽ കെ.എസ്.ആർ.ടി.സിക്ക് അനുമതി
സ്കൂൾ വാഹനങ്ങൾക്കും ഈ സമയം സഞ്ചരിക്കാം
ജലഗതാഗത വകുപ്പിന്റെ സർവ്വീസ് ബോട്ടുകൾ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കും
സ്കൂൾ പരിസരത്ത് സിഗ്നൽ/ സൈൻ ബോർഡുകൾ സ്ഥാപിക്കും