ആലപ്പുഴ: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ നഗരസഭാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് എസ്.ഡി.വി ജെ.ബി സ്‌കൂളിൽ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവാഗതർക്കുള്ള പഠനോപകരണ വിതരണം ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ നിർവ്വഹിക്കും. പൊതു മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബാബു ,എ.ഇ.ഒ കെ. മധുസൂദനൻ, ബാലസാഹിത്യകാരൻ നൈന മണ്ണഞ്ചേരി, പ്രധാനാദ്ധ്യാപിക ബിജിമോൾ വി.ആർ, ബി.ആർ.സി ട്രെയിനർ നവാസ്, എസ്.എം. സി ചെയർപേഴ്‌സൺ വിശ്വ ലേഖ, മുൻ പ്രധാനാദ്ധ്യാപിക എസ്.ശുഭ, കെ.സി.സോണി, യേശുദാസ് പി.ആർ ഭാരവാഹികൾ എന്നിവർ സംസാരിക്കും. നഗരസഭയുടെ കീഴിലെ 42 സ്‌ക്കൂളുകളിലും ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കുകയും അറ്റകുറ്റപ്പണി ആവശ്യമായ ഗവ.സ്‌ക്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തതായി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത എന്നിവർ അറിയിച്ചു.