tur

തുറവൂർ : ബി.ജെ.പി ഭരിക്കുന്ന കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ കോൺഗ്രസ് അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. 3 അംഗങ്ങളുള്ള എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ , വൈസ് പ്രസിഡന്റ് അഖിലാ രാജൻ എന്നിവരെ 7നെതിരെ 8 വോട്ടുകൾക്ക് അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഇതോടെ ജില്ലയുടെ വടക്കൻ മേഖലയിൽ ഉണ്ടായിരുന്ന ഏക പഞ്ചായത്ത് ഭരണം ബി.ജെ.പിയ്ക്ക് നഷ്ടമായി.

ഇന്നലെ രാവിലെ 10.30 ന് പ്രസിഡന്റിനും ഉച്ചയ്ക്ക് 2.30 ന് വൈസ് പ്രസിഡന്റിനും എതിരെയുളള അവിശ്വാസപ്രമേയത്തിൻ മേൽ ചർച്ചയും വോട്ടെടുപ്പും നടന്നു. കോൺഗ്രസ് അംഗം വി.ജി.ജയകുമാർ ആണ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വികസന കാര്യ സ്ഥിരം സമിതി ചെയർമാനും കോൺഗ്രസ് അംഗവുമായ ഷൈലജൻ കാട്ടിത്തറ വൈസ് പ്രസിഡന്റിനെതിരെ പ്രമേയം അവതരിപ്പിച്ചു. സ്വജനപക്ഷപാതവും പഞ്ചായത്തിന്റെ വികസന പിന്നാക്കാവസ്ഥയും ആരോപിച്ച് ഇരുവർക്കുമെതിരെ യു.ഡി.എഫിലെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് കഴിഞ്ഞ 19 നാണ് നൽകിയത്. ആകെ 15 വാർഡുകളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ബി.ജെ.പി-7, യു.ഡി.എഫ്-5 , എൽ.ഡി.എഫ്-3 എന്നിങ്ങനെയാണ് കക്ഷിനില.