fr

ആലപ്പുഴ : കാളാത്ത് സെന്റ് പോൾസ് റോമൻ കത്തോലിക്കാ പള്ളിയിലെ വൈദികൻ ഫാ.സണ്ണി അറയ്ക്കലിനെ (65) പാരിഷ് ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ നാലുമണിക്ക് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
മൂന്നു മണിയോടെ ഇദ്ദേഹത്തെ പള്ളി പരിസരത്ത് കണ്ടതായി മൊഴിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്ന് കുറിപ്പിലുള്ളതായാണ് പ്രാഥമിക വിവരം.മരണത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പൊള്ളേത്തൈ സ്വദേശിയാണ് ഫാ.സണ്ണി അറയ്ക്കൽ. അഞ്ച് വർഷമായി കാളാത്ത് പള്ളിയിലെ ഇടവക വികാരിയായി പ്രവർത്തിച്ചു വന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ചേർത്തലയിലെ പള്ളിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.