മാന്നാർ: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് മെഹ്‌റയും സെഹ്റയും ഇന്ന് വിദ്യാലയമുറ്റത്തെത്തും. മാന്നാർ കുരട്ടിക്കാട് റഫീഖ് മൻസിൽ റഫീഖ് അഹ്‌മദ്-മുഹ്സിന ദമ്പതികളുടെ മക്കളായ ഇരട്ടകൾ ഫാത്തിമ മെഹ്‌റയും ഫാത്തിമ സെഹ്റയും കൈപിടിച്ച് ഇന്ന്പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂളിന്റെ പടികൾ കയറി എൽ.കെ.ജി ക്ളാസിലെത്തും.
പ്രവാസ ജീവിതത്തിനു വിരാമമിട്ട് ചെങ്ങന്നൂർ മുളക്കുഴയിലെ ഹാർഡ്‌വെയർ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് ഇവരുടെ പിതാവ് റഫീഖ് അഹ്‌മദ്. പുത്തനുടുപ്പണിഞ്ഞ് ബാഗും പുസ്തകങ്ങളുമായി സ്‌കൂളിൽപോകാനായി ഇരുവരും ദിവസങ്ങൾക്കു മുമ്പേ തയ്യാറെടുത്തിരിക്കുകയാണ്. സിൻഡസ്‌മോസ് സ്‌കൂളിൽ എത്തുന്ന ഇരട്ടകളെ സ്വീകരിക്കാൻ പ്രത്യേക ഒരുക്കങ്ങളാണ് സ്‌കൂളിൽ നടത്തിയിരിക്കുന്നതെന്ന് സിൻഡസ്‌മോസ് സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി നായർ പറഞ്ഞു.