gps
f

ഉപഗ്രഹ ടോൾ രാജ്യമാകെ വൈകാതെ നിലവിൽവരും

ന്യൂഡൽഹി: ഒരു ടോൾ പ്ലാസയിൽ നിന്ന് അടുത്തതിലേക്കുള്ള ദൂരത്തിന് ടോൾ പിരിക്കുന്ന നിലവിലെ രീതിക്ക് പകരം ദേശീയ പാതയിൽ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്ന ഉപഗ്രഹ ടോൾ സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാക്കും. ഫാസ്ടാഗും ടോൾപ്ലാസകളും നിറുത്തലാക്കും. പകരം വാഹനങ്ങളെ ആഗോള ഉപഗ്രഹ ഗതിനിർണയ സംവിധാനവുമായി ( ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം - ജി.എൻ.എസ്.എസ്) ബന്ധിപ്പിച്ച് ദേശീയപാതയിൽ സഞ്ചരിച്ച ദൂരം കണക്കാക്കും. അതിന്റെ ടോൾ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഈടാക്കും.

ദേശീയപാതയിൽ കൂടുതൽ ദൂരം സഞ്ചരിച്ചാൽ മാത്രം കൂടുതൽ ടോൾ നൽകിയാൽ മതി. നിലവിൽ ഒരു ടോൾ ബൂത്ത് കടന്ന് ദേശീയ പാതയിൽ നിന്ന് ടോൾ ഇല്ലാത്ത പാതയിലേക്ക് തിരിഞ്ഞാലും അടുത്ത ടോൾ ബൂത്ത് വരെയുള്ള പണമാണ് നൽകുന്നത്. ഉപഗ്രഹ സംവിധാനം വെർച്വൽ ടോൾപ്ളാസ പോലെ വാഹനത്തെ ട്രാക്ക് ചെയ്യും. ടോൾ ബാധകമായ ദേശീയ പാതയിൽ വാഹനം കയറുന്നതു മുതൽ ടോൾ ഇല്ലാത്ത റോഡിലേക്ക് തിരിയുന്നതു വരെ ട്രാക്ക് ചെയ്‌താണ് സഞ്ചരിച്ച ദൂരം കണക്കാക്കുന്നത്. ഫാസ്ടാഗിലെന്നപോലെ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ട്, വാഹനത്തിന്റെ നമ്പർ തുടങ്ങിയ വിവരങ്ങൾ ജി.എൻ.എസ്.എസുമായി ബന്ധിപ്പിച്ചാണ് അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി മാർച്ചിൽ പാർലമെന്റിൽ പ്രഖ്യാപിച്ചതാണ് യൂറോപ്പിൽ ഉൾപ്പെടെ വിജയിച്ച ജി.എൻ.എസ്.എസ് ടോൾ സംവിധാനം. ഇന്ത്യയിൽ പൈലറ്റ് പ്രോജക്‌ടായി 1.37ലക്ഷം വാഹനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. റഷ്യയിലെയും ദക്ഷിണകൊറിയയിലെയും വിദഗ്ദ്ധർ അടങ്ങിയ സമിതി ഇത് പഠിക്കുന്നുണ്ട്. റിപ്പോർട്ട് ഉടൻ കേന്ദ്രത്തിനു സമർപ്പിക്കും.

ടോൾ മാർഗം

2019നുശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ജി.എൻ.എസ്.എസ് ട്രാക്കിംഗ് സംവിധാനം കർശനമാക്കിയിട്ടുണ്ട്. ഉപഗ്രഹ ട്രാക്കിംഗ് സാങ്കേതിക വിദ്യകളായ ഗലീലിയോ ( യൂറോപ്യൻ ജി.എൻ.എസ്.എസ്), ഐ.എസ്.ആർ.ഒയുടെ 7 ഉപഗ്രഹങ്ങളുടെ ശൃംഖലയായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ ( നാവിക് ) എന്നിവയിൽ ഏതെങ്കിലുമാകും ഉപയോഗിക്കുക.

നേട്ടങ്ങൾ

 സഞ്ചരിച്ച ദൂരത്തിനു മാത്രം ടോൾ

ടോൾ പ്ലാസകളുടെ ചെലവും ഗതാഗതക്കുരുക്കും ഒഴിവാകും

 വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താം

കോട്ടങ്ങൾ

 പഴയ വാഹനങ്ങളിൽ ജി.എൻ.എസ്.എസ് സ്ഥാപിക്കുന്നത് വെല്ലുവിളി

 വാഹന ട്രാക്കിംഗ് ദുരുപയോഗം ചെയ്യാൻ സാദ്ധ്യത

 അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നത് ഹാക്കിംഗിന് വഴിയൊരുക്കും

 ടോൾ പ്ളാസകൾക്കു സമീപം താമസിക്കുന്നവരുടെ ആനുകൂല്യം ഇല്ലാതാകും

കേരളത്തിൽ-

ദേശീയ പാതയിൽ ഇന്ത്യയിലെ ആകെ ടോൾ പ്ളാസകൾ: 566(2020 മാർച്ചിലെ കണക്ക്)

ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ - 48, കേരളത്തിൽ : 7(ആക്കുളം, പാമ്പൻപാലം, കൊല്ലം, കുമ്പളം, കുണ്ടന്നൂർ, പാലിയേക്കര, പൊന്നരിമംഗലം, വാരാപ്പുഴ)