
ന്യൂഡൽഹി:മലയാള സിനിമയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. ഇല്ലെങ്കിൽ മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ പറ്റി ദേശീയ വനിതാ കമ്മിഷൻ സ്വതന്ത അന്വേഷണം നടത്തുമെന്ന് കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി.രാജീവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞത് വിവാദമായതോടെയാണ് ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ.
മലയാള സിനിമയിൽ വർഷങ്ങളായി ലൈംഗിക പീഡന പരാതികളുണ്ടെന്ന് തിങ്കളാഴ്‌ച മാദ്ധ്യമങ്ങളോട് സംസാരിക്കവേ രേഖാ ശർമ്മ ആരോപിച്ചിരുന്നു. സർക്കാരിന്റ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിട്ടും കേരളത്തിലെ ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങൾ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല. ഹേമ കമ്മിറ്റി രൂപീകരിച്ചിട്ട് ഏറെ നാളായി.രണ്ട് മാസം മുമ്പ് ഞാൻ കേരളത്തിൽ പോയി ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ലൈംഗിക പീഡനം സംബന്ധിച്ച ഏത് റിപ്പോർട്ടും മൂന്ന് മാസത്തിനുള്ളിൽ പുറത്തു വിടേണ്ടതാണ്. മാർച്ച് 22ന് തിരിച്ചത്തിയ ഞാൻ അന്നു തന്നെ ഹേമകമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും അതിന്റെ പകർപ്പ് കമ്മിഷനും പരാതിക്കാർക്കും നൽകണമെന്നും ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇന്നുവരെ റിപ്പോർട്ട് കിട്ടിയിട്ടില്ല. അതിനാലാണ് വീണ്ടും കത്തയച്ചതെന്നും രേഖാ ശർമ്മ പറഞ്ഞു.
അതേസമയം, ജനവരി 21 ന് മന്ത്രി രാജീവുമായി നടത്തിയ കൂടിക്കാഴച്ചയിൽ മന്ത്രിക്ക് നൽകിയ കത്ത് ഡബ്ളിയു.സി.സി പുറത്ത് വിട്ടിട്ടുണ്ട്.