supreme-court

ന്യൂഡൽഹി:മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരായ ഹർജിയിൽ വേനലവധിക്ക് ശേഷം ആഗസ്റ്റ് ആദ്യ ആഴ്ച്ച സുപ്രീം കോടതി അന്തിമവാദം കേൾക്കും. ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രത്തിന് നാലാഴ്ച്ച അനുവദിച്ചു. രണ്ടാഴ്ച്ചയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇനിയും സമയം നീട്ടില്ലെന്ന് കോടതി വ്യക്തമാക്കി.സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ മാനേജ്മെന്റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കൂടുതൽ സമയം അനുവദിച്ചത്.