sc

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് നിലനിറുത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ഐ.പി.സി 124 എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ദുരുപയോഗം നിയമം റദ്ദാക്കാൻ കാരണമാകരുത്. ദുരുപയോഗം തടയാനുള്ള മാർഗനിർദ്ദേശമാണ് വേണ്ടത്. ഹനുമാൻ ചാലീസ വിവാദത്തിൽ ജനപ്രതിനിധികളായ നവനീത് റാണയ്ക്കും രവി റാണയ്ക്കുമെതിരെ മഹാരാഷ്ട്ര സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉദാഹരണമാണ്. രാജ്യദ്രോഹ നിയമം നിലനിൽക്കുമെന്ന 1962ലെ കേദാർനാഥ് കേസിലെ വിധി പുനഃപരിശോധിക്കേണ്ട.  രാജ്യദ്രോഹ നിമത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്നും വേണുഗോപാൽ ബോധിപ്പിച്ചു.

അതേസമയം,​ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാസാധുത നിശ്ചയിക്കും മുമ്പ് ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. മേയ് 10 ന് ഉച്ചയ്ക്ക് രണ്ടിന് കേന്ദ്രത്തിനും ഹർജിക്കാർക്കും വാദിക്കാൻ ഒരു മണിക്കൂർ വീതം നൽകുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മേയ് 9 വരെ ഇരുപക്ഷത്തിനും നിലപാട് അറിയിക്കാം.

റിട്ട. മേജർ ജനറൽ എസ്.ജി. വോംബത്കെരെ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, മഹുവ മൊയ്‌ത്ര എം.പി, മാദ്ധ്യമപ്രവർത്തകരായ അനിൽ ചമാദിയ, പട്രീഷ്യ മുഖിം, അനുരാധ, പി.യു.സി.എൽ, എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ എന്നിവരാണ് ഹർജിക്കാർ.

ഹർജികളിൽ കഴിഞ്ഞ ജൂലായിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം ഈ നിയമം ആവശ്യമുണ്ടോയെന്ന് ആരാഞ്ഞിരുന്നു.

ബ്രിട്ടീഷ് നിയമം

റദ്ദാക്കണം: സിബൽ

നിയമം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതായി ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നിയമം പൗരന് ഭരണഘടന നൽകുന്ന സംരക്ഷണം ഇല്ലാതാക്കുന്നു. ബ്രിട്ടീഷുകാർ ഭരണം നിലനിറുത്താൻ ഉണ്ടാക്കിയ നിയമമായതിനാൽ റദ്ദാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കൂടുതൽ ചർച്ച നടത്തേണ്ടതുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്നാണ് 9 വരെ സമയം അനുവദിച്ചത്.