jammu-kashmir-election

 ആദ്യമായി പട്ടികവർഗവിഭാഗത്തിന് 9 സീറ്റുകൾ

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമാക്കിയശേഷമുള്ള മണ്ഡല പുനർനിർണയം പൂർത്തിയാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയതോടെ ജമ്മുകാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഈ വർഷമൊടുവിൽ നടക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിനൊപ്പം ജമ്മുകാശ്‌മീരിലും വോട്ടെടുപ്പ് നടന്നേക്കാം.

മണ്ഡലം പുനർനിർണയ പ്രകാരം ജമ്മുകാശ്മീരിൽ അഞ്ച് പാർലമെന്റ് മണ്ഡലങ്ങൾക്ക് കീഴിൽ 90 അസംബ്ളി മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്താദ്യമായി 9 സീറ്റുകൾ പട്ടിക വർഗവിഭാഗങ്ങൾക്ക് സംവരണം ചെയ്യും. ഇതിൽ ആറെണ്ണം ജമ്മുവിലും മൂന്നെണ്ണം ശ്രീനഗർ മേഖലയിലുമാണ്. പട്ടികജാതിക്ക് ഏഴെണ്ണം. നേരത്തെ പ്രത്യേക അധികാരത്തോടെ നിലനിന്ന ജമ്മുകാശ്‌മീർ നിയമസഭയിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണമുണ്ടായിരുന്നില്ല.

നേരത്തെ ലഡാക്ക് അടക്കം ആറ് ലോക്‌സഭാമണ്ഡലങ്ങളാണ് ജമ്മുകാശ്‌മീരിലുണ്ടായിരുന്നത്. ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കി മാറ്റി.

ജമ്മുകാശ്‌മീർ ലോക്‌സഭാമണ്ഡലങ്ങൾ

ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ്-രജൗരി, ഉദ്ദംപൂർ, ജമ്മു.

ജമ്മു ലോക്‌സഭാ മണ്ഡലത്തിലായിരുന്ന രജൗരി, പൂഞ്ച് മേഖലകളെ പുതിയ അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുത്തി. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും 18 അസംബ്ളി മണ്ഡലങ്ങൾ വീതമാണുള്ളത്.

അസംബ്ളി മണ്ഡലങ്ങൾ: 90

ജമ്മുമേഖലയിൽ 43ഉം കാശ്‌മീർ മേഖലയിൽ 47ഉം.

അസംബ്ളി മണ്ഡലങ്ങളുടെ അതിർത്തികൾ നിർണയിച്ചത് അതാത് ജില്ലകൾക്കുള്ളിൽ ഒതുങ്ങുന്ന തരത്തിലാണ്. എങ്കിലും 13 ജില്ലകളിൽ സ്ഥിതി ചെയ്യുന്ന 30 മണ്ഡലങ്ങളുടെ അതിർത്തികൾ പുനനിർണയിച്ചു. 13 മണ്ഡലങ്ങളുടെ പേരുമാറ്റി. 20 ജില്ലകളാണ് സംസ്ഥാനത്തുള്ളത്.

മണ്ഡല നിർണയ സമിതി:

മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജനാ പ്രകാശ് ദേശായ് അദ്ധ്യക്ഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര, ജമ്മുകാശ്‌മീർ തിരഞ്ഞെടുപ്പ് കമ്മിഷൻ മേധാവി കെ.കെ. ശർമ്മ എന്നിവരടങ്ങിയ സമിതി, രണ്ടു വർഷവും രണ്ടുമാസവുമെടുത്താണ് മണ്ഡല പുനർനിർണയം പൂർത്തിയാക്കിയത്.

ശുപാർശകൾ: കാശ്‌മീരിൽ നിന്ന് പാലായനം ചെയ്‌തവർക്കും പാക് അധിനിവേശ കാശ്‌മീരിൽ നിന്ന് പുറത്തായവർക്കും സംവരണ സീറ്റ്.

വിവാദം:

ബി.ജെ.പിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് അതിർത്തി നിർണയമെന്ന് പി.ഡി.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ജമ്മുവിന്റെ ഭാഗമായിരുന്ന പൂഞ്ച്, രജൗരി ജില്ലകൾ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുത്തിയത് യുക്തിസഹമല്ലെന്നും വിമർശനം. മണ്ഡലത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റേത്തേക്ക് 500 കി.മീ ദൂരമുണ്ട്. ശൈത്യകാലത്ത് ഈ ജില്ലകൾ ഒറ്റപ്പെടും.