
ന്യൂഡൽഹി: അനുമതിയില്ലാതെ റാലി നടത്തിയതിന് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി, എൻ.സി.പി നേതാവ് രേഷ്മ പട്ടേൽ എന്നിവരടക്കം 10 പേർക്ക് മൂന്ന് മാസം തടവും 1,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
'റാലി നടത്തുന്നത് കുറ്റമല്ല, എന്നാൽ അനുമതിയില്ലാതെ റാലി നടത്തുന്നത് കുറ്റകരമാണ്. അനുസരണക്കേട് ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ല.'- ഗുജറാത്ത് മെഹ്സാന അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജെ.എ. പർമർ വിധിയിൽ വ്യക്തമാക്കി.
ഉനയിൽ ദളിതർക്കെതിരെ നടന്ന ആക്രമണങ്ങളുടെ വാർഷിക ദിനത്തോടനുബന്ധിച്ച് 2017 ജൂലായ് 12ന് മെഹ്സാനയിൽ നിന്നും മേവാനിയുടെ പാർട്ടിയായ 'രാഷ്ട്രീയ ദളിത് അധികാർ മഞ്ചിന്റെ' നേതൃത്വത്തിലാണ് 'ആസാദി റാലി" സംഘടിപ്പിച്ചത്. മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആദ്യം റാലിക്ക് അനുമതി നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. എന്നാൽ ഇത് മറികടന്ന് സംഘാടകർ റാലി നടത്തി.
റാലിക്ക് അനുമതി റദ്ദാക്കിയത് ഉന്നത കേന്ദ്രങ്ങൾ മുമ്പാകെ ചോദ്യം ചെയ്ത ശേഷം അനുമതിയോടെ റാലി സംഘടിപ്പിക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി സെക്ഷൻ 143 പ്രകാരം മെഹ്സാന പൊലീസ് നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തു. 12 പേർക്കെതിരെയായിരുന്നു കുറ്റപത്രം. ഇപ്പോൾ കോൺഗ്രസ് നേതാവും ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവുമായിരുന്ന കനയ്യ കുമാറും കേസിൽ പ്രതിയാണ്. കേസിൽ ഹാജരാകാത്ത കനയ്യകുമാറിന്റെ വിചാരണ പ്രത്യേകം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.