
കോൺഗ്രസ് പ്രവർത്തക സമിതിയും ചേരും
ന്യൂഡൽഹി:കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ ഭാഗമായുള്ള ഉപസമിതികളുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കൺവീനർമാരുടെ യോഗം ചേരും. തുടർന്ന് പ്രവർത്തക സമിതിയും ചേർന്ന് ഉപസമിതി റിപ്പോർട്ടുകൾ പരിശോധിക്കും. പ്രവർത്തക സമിതി തയ്യാറാക്കുന്ന രൂപരേഖ മേയ് 13,14,15 തീയതികളിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ ചേരുന്ന ചിന്തൻ ശിബിരം ചർച്ച ചെയ്യും. ചില സീനിയർ നേതാക്കളെ ദേശീയ നേതൃനിരയിൽ കൊണ്ടുവരാനും തീരുമാനുണ്ടായേക്കും. മദ്ധ്യപ്രദേശിൽ നിന്ന് കമൽനാഥ് ദേശീയ നേതൃത്വത്തിലെത്തുമെന്നാണ് സൂചന. രാഹുൽ ഗാന്ധി എ.ഐ.സി.സി പ്രസിഡന്റായാൽ സംഘടനാ ജനറൽ സെക്രട്ടറിയുടെ ചുമതല കമൽനാഥിന് നൽകിയേക്കും. രാഹുൽ പ്രസിഡന്റാകാൻ തയ്യാറല്ലെങ്കിൽ കമൽനാഥിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. 400 പ്രതിനിധികൾ പങ്കെടുക്കുന്ന ചിന്തൻ ശിബിരത്തിലെ ചർച്ചകൾക്കായി റിപ്പോർട്ട് സമർപ്പിക്കാൻ ആറ് സമിതികളെയാണ് സോണിയ ഗാന്ധി ചുമതലപ്പെടുത്തിയത്.
പാർട്ടിയിൽ യുവ ശാക്തീകരണം ഉറപ്പ് വരുത്താൻ നിയോഗിച്ച സമിതി റിപ്പോർട്ടിൽ, സംഘടനയിൽ ബൂത്ത് തലം മുതൽ 50 ശതമാനം പ്രാതിനിധ്യം വേണമെന്നും ,യു പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റികളുടെ നേതൃത്വം 45 വയസിന് താഴെയുള്ളവരെ ഏല്പിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലും പരിശീലനം ലഭിച്ച യൂത്ത് ബ്രിഗേഡ് വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു..