tejinder

ന്യൂഡൽഹി: ബി.ജെ.പി നേതാവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ അറസ്റ്റ് ജൂലായ് 6 വരെ തടഞ്ഞ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ബഗ്ഗയെ സ്വവസതിയിൽ ഒരു മണിക്കൂർ വീതം രണ്ട് തവണ ചോദ്യം ചെയ്യാൻ ജസ്റ്റിസ് അനൂപ് ചിത്കര പഞ്ചാബ് പൊലീസിന് അനുമതി നൽകി. കേസിലെ അടുത്ത വാദം ജൂലായ് 6 നാണ് ബഗ്ഗയുടെ അറസ്റ്റ് പഞ്ചാബ്, ഹരിയാന, ഡൽഹി പൊലീസ് സേനകളുടെ കൊമ്പ് കോർക്കലിന് കാരണമായിരുന്നു. എസ്.എ.എസ് നഗറിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് രവതേഷ് ഇന്ദ്രജിത് സിംഗ് , ബഗ്ഗക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അദ്ദേഹം മെയ് 7ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. ദി കാശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ നടത്തിയ പരാമർശത്തെ വിമർശിച്ചതിന്റെ പേരിലാണ് പഞ്ചാബ് പൊലീസ് ബഗ്ഗയ്ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 എ, 505, 506 വകുപ്പുകൾ പ്രകാരം കേസെടുത്തത്.

മെയ് 6 ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്ത ബഗ്ഗയെ പഞ്ചാബിലേക്ക് കൊണ്ടുവരുന്ന വഴിയിൽ ഹരിയാന, ഡൽഹി പൊലീസ് ഇടപെട്ട് മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ബഗ്ഗയ്ക്കെതിരെ പഞ്ചാബ് പൊലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം മെയ് 10 വരെ ബഗ്ഗയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അറസ്റ്റ് വീണ്ടും ജൂലായ് 6 വരെ സ്റ്റേ ചെയ്തത്.