rope

ന്യൂഡൽഹി: വിചാരണക്കോടതികൾ പക വീട്ടുംപോലെ വധശിക്ഷ വിധിക്കരുതെന്നും ശിക്ഷാ ഇളവ് സാദ്ധ്യമാക്കുന്ന കാര്യങ്ങൾ വിചാരണഘട്ടത്തിൽ തന്നെ ശേഖരിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശം. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കി മാത്രം വിചാരണക്കോടതികൾ ശിക്ഷ വിധിക്കരുത്. പ്രതിയുടെ മാനസികവും മനശാസ്‌ത്രപരവുമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാവണം ശിക്ഷയെന്നും ജസ്റ്റിസുമാരായ യു.യു. ലളിത്, രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

പ്രതിയെ കുറ്റത്തിലേക്ക് നയിച്ച മാനസികപരമായ കാര്യങ്ങൾ ഉചിതമായ ഘട്ടത്തിൽ വിലയിരുത്തപ്പെടണം. കുറ്റാരോപിതൻ പരിഷ്കരിക്കപ്പെടാൻ സാദ്ധ്യതയുണ്ടോയെന്ന് വിലയിരുത്താൻ നിലവിൽ കൃത്യമായ മാർഗങ്ങളില്ല. അതിലേക്കുള്ള ചെറിയ ചുവടു വയ്‌പാണ് മാർഗരേഖയെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നയുടനുളള മാനസിക നില വിലയിരുത്തുന്നത്, തടവുകാലത്ത് പ്രതിക്ക് വന്ന മാറ്റങ്ങൾ വിലയിരുത്താൻ സഹായകമാകും.

പ്രതികളിൽ നിന്നും സംസ്ഥാന സർക്കാരിൽ (പൊലീസിൽ)​ നിന്നും സാദ്ധ്യമായ എല്ലാ വിവരവും ശേഖരിക്കണം. അതിന്റെ കൂടി അടിസ്ഥാനത്തിലാവണം വിധിപ്രസ്താവം.

2011 ജൂൺ 19ന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കവർച്ചയ്ക്കിടെ മൂന്ന് സ്‌ത്രീകളെ വധിച്ച കേസുമായി ബന്ധപ്പെട്ട് മനോജ്, ഗോവിന്ദ്, നേഹ വർമ എന്നിവർക്ക് ലഭിച്ച വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത വിധിയുടെ ഭാഗമായാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

പ്രതികളുടെ ചെറുപ്രായം, ക്രിമിനൽ പശ്ചാത്തലത്തിന്റെ അഭാവം, ജയിലിലെ നല്ല പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് ശിക്ഷാ ഇളവ് നൽകിയത്.

കുടുംബ പശ്ചാത്തലം

പരിഗണിക്കണം

പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം (മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബാംഗങ്ങൾ, കുട്ടികൾ എന്നിവയും അക്രമ പശ്ചാത്തലം, കുടുംബത്തിൽ അവഗണന തുടങ്ങിയ വിവരങ്ങളും), വിദ്യാഭ്യാസം, സാമൂഹിക,​ സാമ്പത്തിക പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ വിവരങ്ങൾ സമയബന്ധിതമായി ശേഖരിക്കണം. ഭൂരിപക്ഷം കേസുകളിലും അപ്പീൽ ഘട്ടത്തിൽ മാത്രമാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്.

 പെരുമാറ്റത്തിലെ വൈകല്യങ്ങൾ, മാനസിക,​ ശാരീരിക അസുഖങ്ങൾ തുടങ്ങിയ വിവരങ്ങളും വിചാരണക്കോടതിയിൽ നിർബന്ധമായും ലഭ്യമായിരിക്കണം. അനുകൂല സാഹചര്യങ്ങൾ വിശദീകരിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രതിക്ക് അവസരം നൽകണം.

 പ്രതിയുടെ ജയിലിലെ പെരുമാറ്റം, ചെയ്ത ജോലി, പ്രതികൾ ഉൾപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവ ജയിൽ അധികാരികളിൽ നിന്ന് ശേഖരിക്കണം.

 വിചാരണക്കോടതി ശിക്ഷ വിധിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹൈക്കോടതി അപ്പീൽ കേൾക്കുന്നതെങ്കിൽ ജയിൽ അധികാരികളിൽ നിന്ന് പുതിയ റിപ്പോർട്ട് തേടണം. പ്രതികളുടെ മാനസിക മാറ്റങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.