
രണ്ട് കോടിയുടെ ഹവാല പിടിച്ചെടുത്തു
ന്യൂഡൽഹി: വിദേശ സംഭാവന നേടാനുള്ള അനുമതിക്കായി സന്നദ്ധ സംഘടനകളിൽ നിന്ന് ഇടനിലക്കാരിലൂടെ കൈക്കൂലി വാങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ 14 ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. ഡൽഹി, ചെന്നൈ, കോയമ്പത്തൂർ, മൈസൂർ, രാജസ്ഥാൻ തുടങ്ങി 40 സ്ഥലങ്ങളിലെ റെയ്ഡിൽ രണ്ടു കോടിയുടെ ഹവാലാ പണവും പിടികൂടി.
ഇടനിലക്കാരിലൂടെ വിദേശ സംഭാവനയ്‌ക്കുള്ള അനുമതി തേടാൻ ശ്രമിച്ച ജാർഖണ്ഡിലെ ശ്രീജൻ ഫൗണ്ടേഷൻ, ഡൽഹിയിലെ ജഹാംഗിറാബാദ് എഡ്യൂക്കേഷൻ ട്രസ്റ്റ്, മണിപ്പൂരിലെ റിഫോംമ്ഡ് പ്രെസ്ബൈറ്റീരിയൻ ചർച്ച് എന്നിവയ്‌ക്കെതിരെ കേസെടുത്തു. ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും സഹായിക്കാനെന്ന പേരിൽ കൈപ്പറ്റുന്ന വിദേശ സംഭാവന മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതായും കണ്ടെത്തി.
സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, മത, സാമൂഹിക മേഖലകളുമായി ബന്ധപ്പെട്ടുള്ള സന്നദ്ധ സംഘടനകൾക്ക് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട് (എഫ്.സി.ആർ.എ) പ്രകാരമാണ് വിദേശ സംഭാവനകൾ സ്വീകരിക്കാൻ അനുമതി നൽകുന്നത്. മാർഗരേഖകൾ കൃത്യമായി പാലിക്കുന്ന സംഘടനകൾക്കേ അനുമതി ലഭിക്കാറുള്ളൂ. എന്നാൽ ചില സംഘടനകൾ ഇടനിലക്കാരുടെ സഹായത്തോടെ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനുമതി ലഭ്യമാക്കുന്ന വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷായുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറി എ.കെ. ഭല്ല നേരിട്ട് സി.ബി.ഐയുടെ സഹായത്തോടെ നടപടി തുടങ്ങിയത്.