election

ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവ് വരുന്ന 57 സീറ്റുകളിലേക്ക് ജൂൺ 10ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, കർണാടക, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, ഹരിയാന എന്നീ 15 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 24ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മേയ് 31. സൂക്ഷ്മപരിശോധന ജൂൺ 1നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ജൂൺ 3നുമാണ്. ജൂൺ 10ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. 5നുള്ളിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 11എണ്ണം. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും 6 സീറ്റുകളിലാണ് തിര‌ഞ്ഞെടുപ്പ്.

കഴിഞ്ഞ മാസം രാജ്യസഭയിൽ ബി.ജെ.പി സീറ്റുകളുടെ എണ്ണം 101ൽ എത്തിയിരുന്നു. ഇതോടെ 1990ന് ശേഷം രാജ്യസഭയിൽ നൂറിലധികം സീറ്റുകളുള്ള ആദ്യ പാർട്ടിയായി ബി.ജെ.പി മാറി. ആകെ 245 അംഗങ്ങളാണ് ഉപരിസഭയിലുള്ളത്.

കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ, മുക്തർ അബ്ബാസ് നഖ്‌വി എന്നിവർക്ക് പുറമെ അൽഫോൺസ് കണ്ണന്താനം, പി. ചിദംബരം, ജയറാം രമേശ്, അംബിക സോണി, കപിൽ സിബൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ പ്രമുഖരുടെ കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.